പട്നയിൽ നിന്നും 104 യാത്രക്കാരുമായി ലക്നൗവിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം (6E925) ആകാശത്തുവെച്ച് ശക്തമായ മിന്നലേറ്റതിനെ തുടർന്ന് ലക്നൗ എയർപോർട്ടിൽ സുരക്ഷിതമായി ഇറക്കി. ഇന്നലെ ഉച്ചയോടുകൂടിയാണ് 17,000 അടി ഉയരത്തിൽ വെച്ച് വിമാനത്തിന് നേരെ മിന്നൽ പ്രഹരമുണ്ടായത്.
മോശം കാലാവസ്ഥയെയും ശക്തമായ ഇടിമിന്നലിനെയും തുടർന്ന് വിമാനത്തിന്റെ മുൻഭാഗത്തിന് (Nose section) സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ആകാശത്തുവെച്ച് തന്നെ വിമാനത്തിന്റെ നിയന്ത്രണം വീണ്ടെടുത്ത പൈലറ്റുമാരുടെയും ജീവനക്കാരുടെയോ സമയോചിതമായ ഇടപെടലാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്. വിമാനത്തിലുണ്ടായിരുന്ന 104 യാത്രക്കാരും 6 ജീവനക്കാരും പരിക്കുകളൊന്നുമില്ലാതെ പൂർണ്ണ സുരക്ഷിതരായി പുറത്തിറങ്ങിയതായി അധികൃതർ വ്യക്തമാക്കി.
ലാൻഡിംഗിന് ശേഷം വിമാനത്തിന്റെ മുൻഭാഗത്തെ തകരാർ എയർപോർട്ട് അധികൃതരും എഞ്ചിനീയറിംഗ് സംഘവും ചേർന്ന് സ്ഥിരീകരിച്ചു. തുടർന്ന് യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി വിമാനം താൽക്കാലികമായി സർവീസുകളിൽ നിന്നും മാറ്റി. യാത്രക്കാർക്കായി മറ്റ് യാത്രാസൗകര്യങ്ങൾ ഏർപ്പെടുത്തി ലക്ഷ്യസ്ഥാനത്തേക്ക് അയക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് വ്യോമയാന മന്ത്രാലയവും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും (DGCA) വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.