Blog Post

Karanavars > News > crime > കാസർകോട് കേന്ദ്ര സർവകലാശാല: വന്ദേമാതരം സെമിനാർ അലങ്കോലപ്പെടുത്തിയതിന് 25 വിദ്യാർത്ഥികൾക്കെതിരെ കേസ്

കാസർകോട് കേന്ദ്ര സർവകലാശാല: വന്ദേമാതരം സെമിനാർ അലങ്കോലപ്പെടുത്തിയതിന് 25 വിദ്യാർത്ഥികൾക്കെതിരെ കേസ്

കാസർകോട് പെരിയയിലെ കേരള കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം ദേശീയ സെമിനാറിനിടെയുണ്ടായ പ്രതിഷേധങ്ങളിൽ 25 വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു. സംഘം ചേർന്ന് സെമിനാർ അലങ്കോലപ്പെടുത്തിയെന്നാണ് എഫ്ഐആറിലെ പ്രധാന ആരോപണം.

വന്ദേമാതരത്തിന്റെ 150-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സർവകലാശാലയിൽ സംഘടിപ്പിച്ച ദേശീയ സെമിനാർ വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ചിരുന്നു. പരിപാടിയിൽ ആർഎസ്എസ് നേതാക്കളെയും ആശയബന്ധമുള്ളവരെയും പങ്കെടുപ്പിച്ചതിനെതിരെ എസ്എഫ്ഐ, കെഎസ്‌യു, എംഎസ്എഫ്, എഐഎസ്എഫ് തുടങ്ങിയ വിവിധ വിദ്യാർത്ഥി സംഘടനകൾ രംഗത്തുറങ്ങിയിരുന്നു.

സെമിനാറിനിടെ സെമിനാർ ഹാളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച വിദ്യാർത്ഥികളും പൊലീസും തമ്മിൽ ശക്തമായ ഉന്തുംതള്ളും സംഘർഷവുമുണ്ടായി. കാമ്പസിൽ സംഘപരിവാർ അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുന്നു എന്ന് ആരോപിച്ചായിരുന്നു വിദ്യാർത്ഥികളുടെ പ്രതിഷേധം. സംഘർഷാവസ്ഥയെ തുടർന്ന് സെമിനാറിലെ ചില പ്രധാന സെഷനുകൾ പൂർത്തിയാക്കാനാവാതെ നിർത്തിവെക്കേണ്ടി വന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്ന് കണ്ടാലറിയാവുന്ന 25 പേർക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. കാമ്പസിൽ നിലവിൽ സ്ഥിതിഗതികൾ നിരീക്ഷിക്കാൻ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *