ജനപ്രിയ നടി മഞ്ജു വാര്യർ നൽകിയ അപകീർത്തിക്കേസിൽ എതിർകക്ഷികളായ സംവിധായകൻ സനൽകുമാർ ശശിധരനും മാധ്യമപ്രവർത്തകൻ ഷാജൻ സ്കറിയയും ഇന്ന് കോടതിയിൽ വിശദീകരണം നൽകും. സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ നിരന്തരം അപകീർത്തികരമായ പരാമർശങ്ങളും പോസ്റ്റുകളും പ്രചരിപ്പിക്കുന്നുവെന്ന് കാണിച്ച് നടി എറണാകുളം കോടതിയിൽ സമർപ്പിച്ച മാനനഷ്ടക്കേസിലെ ഉപഹർജിയിലാണ് ഇന്ന് നിർണായകമായ വാദം നടക്കുന്നത്.
തന്റെ പേരിൽ വ്യാജ പ്രചാരണങ്ങളും അവഹേളനപരമായ ഉള്ളടക്കങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നത് തടയണമെന്നും, നിലവിലുള്ള പോസ്റ്റുകൾ നീക്കം ചെയ്യണമെന്നുമാണ് നടി ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സംവിധായകൻ സനൽകുമാർ ശശിധരൻ, യൂട്യൂബർ ഷാജൻ സ്കറിയ, എന്നിവരെ എതിർകക്ഷികളാക്കിയാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. നടിക്കായി അഡ്വ. ശാന്തി മായാദേവിയാണ് കോടതിയിൽ ഹാജരായിട്ടുള്ളത്.
വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള ഓൺലൈൻ പ്രചാരണങ്ങൾക്കെതിരെ കർശന നിയമനടപടിയുമായി മുന്നോട്ടുപോകാൻ തന്നെയാണ് മഞ്ജു വാര്യറുടെ തീരുമാനം. അപകീർത്തികരമായ പ്രസ്താവനകളും പോസ്റ്റുകളും പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് എതിർകക്ഷികളെ കോടതി നേരത്തെ താത്ക്കാലികമായി വിലക്കുകയും ചെയ്തിരുന്നു. പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന ആവശ്യത്തിലുള്ള ഉപഹർജി ഇന്ന് പരിഗണിക്കുമ്പോൾ എതിർകക്ഷികളുടെ ഭാഗത്തുനിന്നുള്ള വിശദീകരണങ്ങൾ എന്തായിരിക്കുമെന്ന ആകാംക്ഷയിലാണ് സിനിമയേകോകലവും സിനിമാപ്രേമികളും. കേസിന്റെ പ്രധാന ഹർജി വരുന്ന നവംബർ അഞ്ചാം തീയതിയാണ് കോടതി വീണ്ടും പരിഗണിക്കുന്നത്.