നടീനടന്മാരുടെ സംഘടനയായ ‘അമ്മ’യിലെ (AMMA) അംഗങ്ങൾ തമ്മിലുള്ള തർക്കങ്ങൾ കോടതിയിലെത്തുന്നതിൽ രൂക്ഷ പരിഹാസവുമായി കേരള ഹൈക്കോടതി. സംഘടനയിലെ പ്രശ്നങ്ങൾ തീർക്കാൻ വരും ദിവസങ്ങളിൽ പ്രത്യേക കോടതി വേണ്ടിവരുമെന്ന് ഇന്ന് ഹൈക്കോടതി വാക്കാൽ പരാമർശിച്ചു. യൂട്യൂബ് അഭിമുഖവുമായി ബന്ധപ്പെട്ട് നടി അൻസിബ ഹസന്റെ പരാതിയിൽ തനിക്കെതിരെയെടുത്ത എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ലക്ഷ്മിപ്രിയ നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ഈ നിരീക്ഷണം.
സമൂഹത്തിലും പാവപ്പെട്ടവരുടെ ജീവിതത്തിലും എത്രയോ ഗൗരവമേറിയ പ്രശ്നങ്ങൾ കിടക്കുമ്പോഴാണ് ഇത്തരത്തിലുള്ള വ്യക്തിപരമായ തർക്കങ്ങൾ തീർക്കാൻ കോടതി സമയം ചെലവഴിക്കേണ്ടി വരുന്നതെന്ന് ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ ഹർജി പരിഗണിക്കവെ ചൂണ്ടിക്കാണിച്ചു. തുടർന്ന് ലക്ഷ്മിപ്രിയയുടെ ഹർജിയിൽ നടി അൻസിബ ഹസന് കോടതി നോട്ടിസ് അയക്കുകയും, കേസ് പരിഗണിക്കുന്നത് മൂന്നാഴ്ചത്തേക്ക് മാറ്റുകയും ചെയ്തു.
തനിക്കെതിരെ ഓൺലൈൻ മാധ്യമങ്ങളിലൂടെ അശ്ലീലച്ചുവയുള്ള പരാമർശങ്ങളും അപകീർത്തികരമായ കാര്യങ്ങളും പ്രചരിപ്പിച്ചു എന്ന അൻസിബയുടെ പരാതിയിൽ മജിസ്ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരം പൊലീസ് ലക്ഷ്മിപ്രിയക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിരുന്നു. ഈ എഫ്ഐആറും തുടർനടടികളും നിയമപരമായി നിലനിൽക്കില്ലെന്നും തന്നെ മാനസികമായി ബുദ്ധിമുട്ടിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും ചൂണ്ടിക്കാട്ടിയാണ് ലക്ഷ്മിപ്രിയ ഹൈക്കോടതിയെ സമീപിച്ചത്. മലയാള സിനിമാമേഖലയിലെ പ്രമുഖ സംഘടനയായ ‘അമ്മ’യുമായി ബന്ധപ്പെട്ട തർക്കങ്ങളും ചേരിപ്പോരുകളും തുടർച്ചയായി നിയമനടപടികളിലേക്ക് നീങ്ങുന്നത് സിനിമാ ലോകത്തും വലിയ ചർച്ചയായിട്ടുണ്ട്.