മദ്യപിച്ച് അശ്രദ്ധമായി വാഹനം ഓടിച്ച് റോഡിൽ അപകടം ഉണ്ടാക്കിയ സംഭവത്തിൽ പ്രമുഖ ചലച്ചിത്ര യൂട്യൂബറും റിവ്യൂവറുമായ അശ്വന്ത് കോക്കിനെതിരെ പൊലീസ് കേസെടുത്തു. ഇന്നലെ വൈകിട്ടോടെ കോഴിക്കോട് എരഞ്ഞിപ്പാലം ജങ്ഷനിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
അശ്വന്ത് കോക്ക് ഓടിച്ച വാഹനം നിയന്ത്രണം വിട്ട് റോഡിലുണ്ടായിരുന്ന ഒരു കാറും ബൈക്കും ഉൾപ്പെടെ മൂന്ന് വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. അപകടത്തിന് ശേഷം വാഹനം നിർത്താതെ പോകാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ ചേർന്ന് തടഞ്ഞുവെക്കുകയും തുടർന്ന് പൊലീസിൽ ഏൽപ്പിക്കുകയുമായിരുന്നു. സ്ഥലത്തെത്തിയ നടക്കാവ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് കോഴിക്കോട് ബീച്ച് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.
അപകടസമയത്ത് അശ്വന്ത് കോക്ക് അമിതമായി മദ്യപിച്ചിരുന്നുവെന്നും വാഹനത്തിനുള്ളിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്തതായും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ മനുഷ്യജീവന് അപായം ഉണ്ടാക്കുന്ന രീതിയിൽ വാഹനം ഓടിച്ചതിനും മദ്യപിച്ച് വാഹനം ഓടിച്ചതിനും ഉള്ള വിവിധ വകുപ്പുകൾ പ്രകാരമാണ് നടക്കാവ് പൊലീസ് കേസെടുത്തിട്ടുള്ളത്. സംഭവത്തിൽ നിയമപരമായ തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.