Blog Post

Karanavars > News > Flight > ഇൻഡിഗോ വിമാനത്തിന്റെ പിൻഭാഗം റൺവേയിലിടിച്ചു; വൻ ദുരന്തം ഒഴിവായി

ഇൻഡിഗോ വിമാനത്തിന്റെ പിൻഭാഗം റൺവേയിലിടിച്ചു; വൻ ദുരന്തം ഒഴിവായി

ബെംഗളൂരു കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ വ്യോമയാന ദുരന്തം തലനാരിഴയ്ക്ക് ഒഴിവായതായി റിപ്പോർട്ട്. ഞായറാഴ്ച ഗുവാഹത്തിയിൽ നിന്നും എത്തിയ ഇൻഡിഗോയുടെ (6E 6542) എയർബസ് വിമാനമാണ് ലാൻഡിംഗിനിടെ അപകടത്തിൽപ്പെട്ടത്. വിമാനത്തിന്റെ പിൻഭാഗം (Tail strike) റൺവേയിൽ ഇടിക്കുകയായിരുന്നു.

ലാൻഡിംഗിനുള്ള ആദ്യ ശ്രമത്തിൽ ബുദ്ധിമുട്ടുകൾ നേരിട്ടതിനെ തുടർന്ന് പൈലറ്റ് വിമാനം വീണ്ടും ഉയർത്തി പറത്താൻ (Go-around) ശ്രമിച്ചിരുന്നു. തുടർന്ന് രണ്ടാമത്തെ ശ്രമത്തിൽ ലാൻഡ് ചെയ്യുന്നതിനിടയിലാണ് ശക്തമായ കാറ്റിനെ തുടർന്ന് വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ തട്ടിയത്. എങ്കിലും പൈലറ്റുകളുടെ സമയോചിതമായ ഇടപെടൽ കാരണം വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യാൻ സാധിച്ചു.

വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും ജീവനക്കാരും യാതൊരു പരിക്കുകളുമില്ലാതെ സുരക്ഷിതരായി പുറത്തിറങ്ങിയതായി അധികൃതർ അറിയിച്ചു. അസമിൽ നിന്ന് പുറപ്പെട്ട വിമാനത്തിന് ലാൻഡിങ് സമയത്ത് ബെംഗളൂരുവിൽ അനുഭവപ്പെട്ട മോശം കാലാവസ്ഥയും ശക്തമായ കാറ്റുമാണ് അപകടകാരണമെന്ന് ഇൻഡിഗോ വ്യക്തമാക്കി.

സംഭവത്തെ തുടർന്ന് കൂടുതൽ പരിശോധനകൾക്കായി വിമാനം താൽക്കാലികമായി സർവീസുകളിൽ നിന്നും മാറ്റി. യാത്രക്കാരുടെ യാത്രാതടസ്സം ഒഴിവാക്കാൻ മറ്റൊരു വിമാനം ക്രമീകരിക്കുകയും ചെയ്തു. സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *