റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്ക് മേല്‍ ശക്തമായ ഉപരോധവുമായി അമേരിക്ക. റഷ്യയില്‍ നിന്ന് ഏറ്റവും അധികം എണ്ണ വാങ്ങുന്ന ഇന്ത്യ, ചൈന, തുർക്കി, യുഎഇ, അസര്ബൈജാന്, ഹങ്കറി, സ്ലൊവാക്യ തുടങ്ങിയ രാജ്യങ്ങള്‍ക്ക് മേല്‍ 100 ശതമാനം വരെ തീരുവ ചുമത്താനുള്ള വിവാദ ബില്ല് യുഎസ് പ്രതിനിധി സഭ ഇന്നലെ പാസാക്കി. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അധികാരപരിധി വിപുലമാക്കുന്ന ‘ലിൻഡ്സെ ഒ. ഗ്രഹാം സാങ്ഷനിങ് റഷ്യ ആന്‍ഡ് ഇറാന് ആക്റ്റ്’ എന്ന ബില്ലിനാണ് കോണ്‍ഗ്രസ് അംഗീകാരം നല്‍കിയത്.
റഷ്യ – യുക്രെയ്ന് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയുടെ സാമ്പത്തിക സ്രോതസ്സുകള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. യുഎസിന്റെ പുതിയ നിയമപ്രകാരം റഷ്യന്‍ എണ്ണയും വാതകവും വാങ്ങുന്നത് തുടരുന്ന രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് 100 ശതമാനം വരെ തീരുവ ചുമത്താന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വിശാലമായ അധികാരം ലഭിക്കും. എണ്ണ വ്യാപാരം തുടരുന്ന രാജ്യങ്ങളെ ഔദ്യോഗികമായി എടുത്തുപറഞ്ഞുകൊണ്ടുള്ള ഭേദഗതിയോടെയാണ് ബില്ല് പാസായിട്ടുള്ളത്.
അതേസമയം, ഇന്ത്യയെ സംബന്ധിച്ച് ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. റഷ്യന്‍ എണ്ണയുടെ പ്രധാന ഇറക്കുമതിക്കാരായ ഇന്ത്യ, ആഗോള വിപണിയിലെ വിലക്കയറ്റം തടയാനാണ് കുറഞ്ഞ നിരക്കില്‍ റഷ്യയില്‍ നിന്ന് ഇന്ധനം വാങ്ങുന്നത്. ബില്ലില്‍ ട്രംപിന് പ്രത്യേക അധികാരം നല്‍കിയിട്ടുണ്ടെങ്കിലും, ഇത് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര ബന്ധത്തെയും കയറ്റുമതിയെയും എന്തുമാത്രം ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. റഷ്യയുടെ ‘ഷാഡോ ഫ്ലീറ്റ്’ എന്ന രഹസ്യ എണ്ണ ടാങ്കറുകളെയും പുതിയ നിയമം ലക്ഷ്യമിടുന്നുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചര്‍ച്ചകളെയും ഊര്‍ജ്ജ സുരക്ഷാ തീരുമാനങ്ങളെയും ഈ പുതിയ അമേരിക്കന്‍ ഉപരോധ ഭീഷണി എങ്ങനെ സ്വാധീനിക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്.