രാഷ്ട്രീയ കേരളത്തെ പിടുകുലുക്കിയ മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റായ ഇഡിക്ക് കനത്ത തിരിച്ചടി. കേസിൽ ഇഡിക്ക് നൽകിയ മൊഴിയാണ് കരിമണൽ കമ്പനിയായ സിഎംആർഎൽ (CMRL) മാനേജിംഗ് ഡയറക്ടർ എൻ. ശശിധരൻ കർത്ത ഔദ്യോഗികമായി പിൻവലിച്ചത്. ഇഡി ഉദ്യോഗസ്ഥർക്കെതിരെ അതീവ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ഇന്ന് പുറത്തുവന്ന ഈ നിർണായക വിവരം കേസിന്റെ ഗതിയെത്തന്നെ മാറ്റിയെഴുതാൻ സാധ്യതയുള്ളതാണ്.
ആശുപത്രി കിടക്കയിലും വീട്ടിലുമായി ചോദ്യം ചെയ്യലിനിടെ ഇഡി ഉദ്യോഗസ്ഥർ തന്നോട് ക്രൂരമായി പെരുമാറിയെന്നാണ് ശശിധരൻ കർത്തയുടെ സത്യവാങ്മൂലത്തിലുള്ളത്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും പാർക്കിൻസൺസ്, ഹൃദ്രോഗം, കിഡ്നി രോഗം എന്നിവയുമുള്ള 72-കാരനായ തന്നെ കടുത്ത മാനസിക പീഡനത്തിനിരയാക്കിയെന്നും ഉദ്യോഗസ്ഥർ ബലം പ്രയോഗിച്ച് മൊഴിയിൽ വിരലടയാളം പതിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു. താൻ നൽകിയതെന്ന പേരിൽ ഇഡി പുറത്തുവിട്ട പല മൊഴികളും എന്താണെന്ന് പോലും താൻ അറിഞ്ഞിരുന്നില്ല. ഈ പീഡനം സഹിക്കുന്നതിലും ഭേദം മരിക്കുന്നതാണെന്ന് അന്ന് ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നതായും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
ശശിധരൻ കർത്തയ്ക്ക് പുറമെ സിഎംആർഎൽ സിഎഫ്ഒ എസ്. സുരേഷ് കുമാറും സമാനമായ രീതിയിൽ ഇഡിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. കർത്തയുടെ വിരലടയാളം ഇഡി ഉദ്യോഗസ്ഥർ ബലം പ്രയോഗിച്ചാണ് പതിപ്പിച്ചെടുത്തതെന്ന് താൻ നേരിട്ട് കണ്ടിട്ടുണ്ടെന്ന് സുരേഷ് കുമാറും കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. മാസപ്പടി ഇടപാടിൽ ഇഡി ഇതുവരെ കണ്ടെത്തിയ നിർണായക വിവരങ്ങളുടെയും തെളിവുകളുടെയും വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ് പ്രതികളുടെ ഈ പുതിയ നീക്കം.