കേരള രാഷ്ട്രീയത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നീക്കത്തില്, മുൻ മുഖ്യമന്ത്രി പിണറായി വിജയന് അന്ധമായ പിന്തുണ നൽകേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ തീരുമാനം. ഇന്നലെ ചേർന്ന യോഗത്തിലാണ് രാഷ്ട്രീയ താത്പര്യങ്ങൾക്ക് അപ്പുറം നിയമപരമായ വഴിക്ക് കാര്യങ്ങൾ നീങ്ങട്ടെ എന്ന നിലപാട് പാർട്ടി സ്വീകരിച്ചത്.
പിണറായി വിജയനും മകൾ ടി. വീണയ്ക്കും എതിരെ സിഎംആർഎൽ (CMRL) മാസപ്പടി കേസിൽ ഇഡി കത്തുകളും തുടർനടപടികളും ശക്തമാക്കിയ സാഹചര്യത്തിലാണ് എൽഡിഎഫിലെ പ്രധാന ഘടകകക്ഷിയായ സിപിഐയുടെ ഈ നിർണ്ണായക നിലപാട് മാറ്റം. മുന്നണിയിലെ പ്രധാന നേതാവിനെതിരെ കേന്ദ്ര ഏജൻസി നീങ്ങുമ്പോൾ സിപിഎം ഇതിനെ രാഷ്ട്രീയ പ്രതിരോധത്തിലൂടെ നേരിടാൻ ശ്രമിക്കുമ്പോഴും, സിപിഐ ഇക്കാര്യത്തിൽ കരുതലോടെയുള്ള സമീപനമാണ് സ്വീകരിക്കുന്നത്.
നിയമനടപടികൾ മുന്നോട്ട് പോകുമ്പോൾ അതിന്റെ സത്യാവസ്ഥയും യാഥാർത്ഥ്യങ്ങളും പരിശോധിച്ച ശേഷം മാത്രം അന്തിമ നിലപാട് എടുത്താൽ മതിയെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ. അടിയന്തരമായി രാഷ്ട്രീയ പ്രതിരോധത്തിന് ഇറങ്ങിയാൽ ഭാവിയിൽ ആരോപണങ്ങൾ തെളിയിക്കപ്പെട്ടാൽ അത് ഇടതുമുന്നണിക്കും മുഖ്യമന്ത്രിക്കും ഒപ്പം തങ്ങൾക്കും വലിയ രാഷ്ട്രീയ തിരിച്ചടിയായേക്കുമെന്നും സിപിഐ ആശങ്കപ്പെടുന്നുണ്ട്.
മാധ്യമങ്ങൾ വിഷയത്തിൽ പ്രതികരണം തേടുമ്പോൾ “അന്വേഷണം നടക്കുകയല്ലേ” എന്ന് മാത്രം മറുപടി നൽകിയാൽ മതിയെന്നാണ് യോഗത്തിൽ എടുത്ത ധാരണ. ഇഡിയുടെ നടപടികളിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടെന്ന വാദം നിലനിൽക്കെ തന്നെ, സാമ്പത്തിക ഇടപാടുകളിലെ നിയമപരമായ വശങ്ങളെ പാർട്ടി അവഗണിക്കുന്നില്ല എന്നാണ് ഈ നിലപാട് വ്യക്തമാക്കുന്നത്. മുന്നണിയിലെ മറ്റ് ഘടകകക്ഷികളും ഈ വിഷയത്തിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നത് കേരളരാഷ്ട്രീയം ഉറ്റുനോക്കുന്നു.