ഡൊണാൾഡ് ട്രംപിന്റെ കടുത്ത മുന്നറിയിപ്പുകളെ പൂർണ്ണമായും തള്ളിക്കൊണ്ട് മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ വൻ മിസൈൽ-ഡ്രോൺ ആക്രമണം അഴിച്ചുവിട്ടു. ഇന്ന് പുലർച്ചെയോടെയാണ് ജോർദാൻ, കുവൈറ്റ്, ബഹ്റൈൻ എന്നീ രാജ്യങ്ങളിലെ യുഎസ് ലക്ഷ്യസ്ഥാനങ്ങൾ ലക്ഷ്യമാക്കി ഇറാൻ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും വർഷിച്ചത്.
അമേരിക്കൻ സൈന്യം ഇറാനിയൻ കേന്ദ്രങ്ങൾക്ക് നേരെ നടത്തിയ വ്യോമാക്രമണങ്ങൾക്ക് പിന്നാലെയാണ് ടെഹ്റാന്റെ ഈ പ്രത്യാക്രമണം. ജോർദാൻ വ്യോമാതിർത്തിയിലേക്ക് പ്രവേശിച്ച ബാലിസ്റ്റിക് മിസൈലുകളിൽ ഭൂരിഭാഗവും രാജ്യത്തെ വ്യോമ പ്രതിരോധ സംവിധാനം തകർത്തെന്ന് ജോർദാൻ സൈന്യം സ്ഥിരീകരിച്ചു. കുവൈറ്റിലും ബഹ്‌റൈനിലും ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. മിഡിൽ ഈസ്റ്റിൽ വീണ്ടും യുദ്ധഭീതി പടർത്തിയിരിക്കുകയാണ് പുതിയ സംഭവവികാസങ്ങൾ.