രാജ്യസുരക്ഷ മുന്‍നിർത്തി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് പ്രത്യേക ബെർത്ത് അനുവദിക്കണമെന്ന സേനാ വിഭാഗങ്ങളുടെ ആവശ്യം അദാനി പോർട്സ് തള്ളിയതായി റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട ചർച്ചകളിൽ അദാനി ഗ്രൂപ്പ് താൽപ്പര്യക്കുറവ് പ്രകടിപ്പിച്ചുവെന്ന വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ രാഷ്ട്രീയ തലത്തിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
ഇന്ത്യൻ ആർമി, നേവി, എയർഫോഴ്സ് തുടങ്ങിയ സായുധ സേനാ വിഭാഗങ്ങൾക്ക് തുറമുഖത്ത് സ്ഥിരമായ സാന്നിധ്യവും പ്രത്യേക ബെർത്തും ഉറപ്പാക്കണമെന്നായിരുന്നു ആവശ്യം ഉയർന്നിരുന്നത്. എന്നാൽ വാണിജ്യപരമായ ആവശ്യങ്ങൾക്കും കണ്ടെയ്നർ ചരക്കുനീക്കത്തിനും മാത്രം മുൻഗണന നൽകുന്ന സമീപനമാണ് അദാനി ഗ്രൂപ്പ് സ്വീകരിക്കുന്നത് എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. വാണിജ്യ തുറമുഖത്തിന്റെ സുഗമമായ നടത്തിപ്പിനെയും അന്താരാഷ്ട്ര കപ്പൽ കമ്പനികളുടെ പ്രവർത്തനങ്ങളെയും ഇത് ബാധിച്ചേക്കുമെന്ന വിലയിരുത്തലിലാണ് കമ്പനി ഈ നിലപാട് എടുത്തതെന്നാണ് സൂചന.
അതേസമയം, രാജ്യത്തിന്റെ തന്ത്രപ്രധാനമായ തെക്കേ അറ്റത്തുള്ള ആഴക്കടൽ തുറമുഖത്ത് സായുധ സേനയ്ക്ക് അനുയോജ്യമായ സൗകര്യങ്ങൾ ലഭ്യമല്ലാതാകുന്നത് ദേശീയ സുരക്ഷാ വിഭാഗങ്ങളും ഗൗരവത്തോടെയാണ് കാണുന്നത്. വാണിജ്യ കരാറുകളുടെയും കൺസഷൻ വ്യവസ്ഥകളുടെയും പശ്ചാത്തലത്തിൽ ഇത്തരം സുപ്രധാന ആവശ്യങ്ങൾ നിരാകരിക്കുന്നത് ചർച്ചാ വിഷയമായിട്ടുണ്ട്. വിഴിഞ്ഞത്തിന്റെ അടുത്ത ഘട്ട വികസനങ്ങളും ഓഹരി കൈമാറ്റങ്ങളും സർക്കാരിന്റെ സജീവ പരിഗണനയിലിരിക്കെ, പ്രതിരോധ വകുപ്പും അദാനി ഗ്രൂപ്പും തമ്മിലുള്ള ഈയൊരു വിഷയത്തിലെ നിലപാടുകൾ വരും ദിവസങ്ങളിൽ കൂടുതൽ വഴിതിരിവുകൾക്ക് കാരണമായേക്കാം.