Blog Post

Karanavars > News > Economy > പിഎം ശ്രീ നടപ്പാക്കൽ: സംഘപരിവാറിന് മുന്നിൽ യുഡിഎഫ് മുട്ടുകുത്തുന്നുവെന്ന് പിണറായി വിജയൻ

പിഎം ശ്രീ നടപ്പാക്കൽ: സംഘപരിവാറിന് മുന്നിൽ യുഡിഎഫ് മുട്ടുകുത്തുന്നുവെന്ന് പിണറായി വിജയൻ

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സംഘപരിവാറിന്റെ കാവിവൽക്കരണ അജണ്ടകൾക്ക് മുന്നിൽ യുഡിഎഫ് സർക്കാർ ഓച്ഛാനിച്ചു നിൽക്കുകയാണെന്നും, ഇത് മതനിരപേക്ഷ കേരളത്തോടുള്ള കടുത്ത വഞ്ചനയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രതിപക്ഷത്തായിരുന്നപ്പോൾ ശക്തമായി എതിർത്ത അതേ പദ്ധതിയാണ് അധികാരത്തിലെത്തിയപ്പോൾ യുഡിഎഫ് യാതൊരു മടിയും കൂടാതെ നടപ്പിലാക്കാൻ മുതിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. പദ്ധതിയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് എപ്പോൾ വേണമെങ്കിലും പിന്മാറാൻ കഴിയുമെന്നും, അതിലൂടെ കേന്ദ്ര വിഹിതം മാത്രമാണ് നഷ്ടപ്പെടുകയെന്നും പാർലമെന്റ് രേഖകൾ വ്യക്തമാക്കുന്നുണ്ട്. എന്നിട്ടും നിയമപരമായ യാതൊരു നിർബന്ധവുമില്ലാതെ പിഎം ശ്രീ നടപ്പാക്കാൻ സർക്കാർ കാണിക്കുന്ന അമിതാവേശം സംഘപരിവാറിനെ പ്രീതിപ്പെടുത്താൻ മാത്രമാണെന്ന് പിണറായി വിജയൻ ആരോപിച്ചു.

കഴിഞ്ഞ പത്തുവർഷക്കാലം ആർഎസ്‌എസിന്റെ വർഗീയ സിലബസിനു മുന്നിൽ മുട്ടുമടക്കാതെ എൽഡിഎഫ് സർക്കാർ സംരക്ഷിച്ചുപോന്ന കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയെ യുഡിഎഫ് ഒറ്റുകൊടുക്കുകയാണ്. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ രംഗത്തെ വർഗീയവൽക്കരണത്തിന് വഴിയൊരുക്കുന്ന ഈ വഞ്ചനാപരമായ നടപടിക്കെതിരെ കേരളീയ പൊതുസമൂഹം ശക്തമായി പ്രതിഷേധിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കേന്ദ്ര ഫണ്ട് നഷ്ടപ്പെടുമെന്ന കാരണം പറഞ്ഞ് വിദ്യാഭ്യാസ മേഖലയെ കേന്ദ്രത്തിന് അടിയറവ് വെക്കുന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നും എൽഡിഎഫ് വ്യക്തമാക്കിയിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *