ആലുവയിൽ നിന്ന് കാണാതായ പന്ത്രണ്ടുകാരിയെ നാലു ദിവസത്തെ തീവ്ര അന്വേഷണത്തിനൊടുവിൽ മഹാരാഷ്ട്രയിലെ പൂനെയിൽ നിന്ന് കണ്ടെത്തി. സിനിമയെ വെല്ലുന്ന ദൗത്യത്തിലൂടെ കുട്ടിയെ സുരക്ഷിതമായി തിരിച്ചെത്തിച്ച കേരള പൊലീസിന്റെ ‘ആലുവ സ്ക്വാഡ്’ മാതൃകാപരമായ അന്വേഷണ മികവാണ് പുറത്തെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം ഓച്ചിറ സ്വദേശിയായ അഭിജിത്തിനെ (26) പൊലീസ് പിടികൂടിയിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് കരുമാലൂരിലെ വീട്ടിൽ നിന്ന് കൂട്ടുകാരിയുടെ പുസ്തകം വാങ്ങാൻ പോയ എട്ടാം ക്ലാസുകാരിയെ കാണാതാകുന്നത്. വീട്ടിൽ നിന്ന് കുട്ടി പുറത്തേക്ക് പോകുന്ന സി.സി.ടി.വി ദൃശ്യങ്ങൾ ഒഴിച്ചാൽ മറ്റ് തുമ്പുകളൊന്നും തന്നെ പ്രാരംഭഘട്ടത്തിൽ പൊലീസിന് ലഭിച്ചിരുന്നില്ല. എന്നാൽ, സമാനതകളില്ലാത്ത സൈബർ സാങ്കേതിക മികവും നിരന്തരമായ ജാഗ്രതയുമാണ് കേസിൽ വഴിതിരിവായത്.
കുട്ടി ഒറ്റയ്ക്കല്ല പോയതെന്നും, ഒപ്പമുണ്ടായിരുന്ന ഓച്ചിറ സ്വദേശി അഭിജിത്താണെന്നും അന്വേഷണത്തിൽ വ്യക്തമായി. നിരന്തരം ഫോൺ സ്വിച്ച് ഓഫ് ചെയ്തും, മംഗളൂരു, ധാരാവി, താനെ, ഗോവ എന്നിങ്ങനെ വിവിധ സ്ഥലങ്ങളിലൂടെ ലോക്കേഷൻ മാറിയും പ്രതി പൊലീസിനെ വെട്ടിക്കാൻ ശ്രമിച്ചു. എന്നാൽ പ്രതിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടും ലൊക്കേഷനും പിന്തുടർന്ന പൊലീസ് സംഘം സമർത്ഥമായി നീങ്ങുകയായിരുന്നു.
ആലുവ വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്.ഐ. സതീഷ്, സിവിൽ പോലീസ് ഓഫീസർമാരായ ഷാരോൺ, അൻഷാദ്, ലിഞ്ജു എന്നിവരടങ്ങുന്ന സംഘമാണ് കാറിൽ മൂായിരത്തിലധികം കിലോമീറ്റർ സഞ്ചരിച്ച് ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. ഒടുവിൽ പൂനെ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന നിസാമുദ്ദീൻ എക്സ്പ്രസ് ട്രെയിനിൽ നിന്നാണ് കുട്ടിയെയും പ്രതിയെയും കസ്റ്റഡിയിലെടുത്തത്. കർണാടകയും ഗോവയും മഹാരാഷ്ട്രയും താണ്ടിയ ഈ ദൗത്യം കേരള പൊലീസിന് തന്നെ അഭിമാനകരമായ നേട്ടമായി മാറി. കുട്ടിയെ കടത്താൻ ശ്രമിച്ച പ്രതിക്കെതിരെ പോക്സോ വകുപ്പും തട്ടിക്കൊണ്ടുപോകലിനും കേസെടുത്തിട്ടുണ്ട്.