സംസ്ഥാന ആസൂത്രണ ബോർഡിലെ ഉന്നത തസ്തികകളിലേക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്സി) നടത്തിയ നിയമന പരീക്ഷയുടെ മൂല്യനിര്‍ണയത്തില്‍ ഗുരുതരമായ പിഴവ് കണ്ടെത്തി. ഉദ്യോഗാർത്ഥികൾ എഴുതിയ ഉത്തരങ്ങൾ പരിശോധിക്കാതെ ഫലം പ്രഖ്യാപിച്ചതായി വ്യക്തമായതിനെ തുടർന്ന് നിലവിലുണ്ടായിരുന്ന റാങ്ക് പട്ടിക പിഎസ്സി റദ്ദാക്കി.
ആസൂത്രണ ബോർഡിലെ ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡിവിഷൻ ചീഫ് ഉൾപ്പെടെയുള്ള മൂന്ന് തസ്തികകളിലേക്കായി 2023 ജൂലൈ 13-നാണ് പരീക്ഷ നടത്തിയത്. സെക്രട്ടറിയേറ്റിലെ അഡീഷണൽ സെക്രട്ടറി പദവിയോട് തുല്യമായതും ഉയർന്ന ശമ്പളമുള്ളതുമായ ഈ പരീക്ഷയുടെ ആദ്യ പേപ്പറിൽ ഉദ്യോഗാർത്ഥികൾ എഴുതിയ 10 ഉത്തരങ്ങൾ (ചോദ്യം 9 മുതൽ 18 വരെ) മൂല്യനിർണയം നടത്തിയിരുന്നില്ല. ആകെയുള്ള 100 മാർക്കിൽ 58 മാർക്കും പരിശോധിക്കാതെയാണ് ഫലം പ്രസിദ്ധീകരിച്ചത്.
പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥികൾ ഫീസടച്ച് ഉത്തരക്കടലാസിന്റെ പകർപ്പ് വാങ്ങി പരിശോധിച്ചപ്പോഴാണ് ഈ ക്രമക്കേട് പുറത്തുവന്നത്. തുടർന്ന് ഉദ്യോഗാർത്ഥികൾ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ (കെ.എ.ടി) സമീപിക്കുകയും നിയമന നടപടികൾ പ്രതിസന്ധിയിലാവുകയും ചെയ്തു. സംഭവത്തിൽ ആഭ്യന്തര വിജിലൻസ് അന്വേഷണത്തിനും പിഎസ്സി ഉത്തരവിട്ടിട്ടുണ്ട്.
ഒന്നാം റാങ്ക് നേടിയ ഉദ്യോഗാർത്ഥിക്ക് ഇതിനകം നിയമന ശുപാർശ നൽകിയിരുന്നെങ്കിലും, മൂല്യനിര്‍ണയത്തിലെ പിഴവ് കാരണം ഈ നിയമനങ്ങളും റാങ്ക് പട്ടികയും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഉത്തരക്കടലാസുകൾ വീണ്ടും മൂല്യനിർണയം നടത്തി പുതിയ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനാണ് കമ്മീഷന്റെ തീരുമാനം. സംസ്ഥാനത്തെ ഔദ്യോഗിക നിയമന ഏജൻസിയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണ് ഈ ഗുരുതര വീഴ്ച.