ഇൻസ്റ്റാഗ്രാം പ്ലാറ്റ്‌ഫോമിലൂടെ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള പരസ്യങ്ങൾ പ്രചരിക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് കടുത്ത നടപടിയുമായി കേന്ദ്ര സർക്കാർ. ഈ വിഷയത്തിൽ അടിയന്തരമായി വിശദീകരണം നൽകാൻ മെറ്റാ അധികൃതരോട് കേന്ദ്ര ഐടി മന്ത്രാലയം നിർദേശിച്ചു.
ബി.ബി.സി നടത്തിയ അന്വേഷണ റിപ്പോർട്ടാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുകൊണ്ടുവന്നത്. ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെട്ട ഇത്തരം പരസ്യങ്ങളിൽ ലൈംഗികച്ചുവയുള്ള വാക്കുകൾ ഉപയോഗിക്കുകയും, കുട്ടികൾക്കെതിരായ അതിക്രമങ്ങൾ അടങ്ങിയ ദൃശ്യങ്ങൾ വിൽക്കുന്ന ടെലഗ്രാം ചാനലുകളിലേക്ക് ഉപയോക്താക്കളെ നയിക്കുകയും ചെയ്യുന്നതായി കണ്ടെത്തി. പ്ലാറ്റ്‌ഫോമിൽ ഓട്ടോമേറ്റഡ്, മാനുവൽ സ്ക്രീനിംഗ് സംവിധാനങ്ങൾ നിലവിലുണ്ടായിട്ടും ഇത്തരത്തിലുള്ള ദോഷകരമായ ഉള്ളടക്കങ്ങൾ എങ്ങനെ പരസ്യങ്ങളായി അംഗീകരിക്കപ്പെടുന്നുവെന്നും പ്രദർശിപ്പിക്കപ്പെടുന്നുവെന്നും സർക്കാർ മെറ്റയോട് ചോദിക്കും.
ഉള്ളടക്ക മോഡറേഷൻ , പരസ്യങ്ങൾ അംഗീകരിക്കുന്ന രീതി, നിയമവിരുദ്ധവും ദോഷകരവുമായ ഉള്ളടക്കങ്ങൾക്കെതിരെ സ്വീകരിക്കുന്ന സുരക്ഷാ മുൻകരുതലുകൾ എന്നിവയിൽ ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നാണ് മന്ത്രാലയം പരിശോധിക്കുന്നത്. റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ, ആരോപണവിധേയമായ പരസ്യങ്ങൾ നീക്കം ചെയ്യുകയും അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തതായി മെറ്റാ അറിയിച്ചിട്ടുണ്ട്. കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിൽ തങ്ങൾക്ക് ‘സീറോ ടോളറൻസ്’ നയമാണുള്ളതെന്നും, ഇത്തരം ഉള്ളടക്കങ്ങൾ തടയാൻ നിരന്തരം ശ്രമിക്കാറുണ്ടെന്നും കമ്പനി വാദിക്കുന്നു.
എങ്കിലും, ഡിജിറ്റൽ ഇടങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകൾക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്നും, സുരക്ഷാ സംവിധാനങ്ങളിലെ പോരായ്മകൾ ഗൗരവത്തോടെ കാണുന്നുവെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. സംഭവത്തിൽ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷനും (NCPCR) കാര്യങ്ങൾ നിരീക്ഷിച്ചു വരികയാണ്. ഈ സംഭവം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും കുട്ടികളുടെ ഓൺലൈൻ സുരക്ഷയെക്കുറിച്ചും വീണ്ടും വലിയൊരു ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്.