ആഘോഷം സംഘർഷത്തിൽ കലാശിച്ചു: ശംഖുമുഖത്ത് വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് ലാത്തിച്ചാർജ്
തിരുവനന്തപുരം: പുതുവർഷത്തെ വരവേൽക്കാൻ ആയിരക്കണക്കിന് ആളുകൾ തടിച്ചുകൂടിയ ശംഖുമുഖം കടപ്പുറത്ത് ആഘോഷങ്ങൾ സംഘർഷത്തിൽ കലാശിച്ചു. തിരക്ക് നിയന്ത്രിക്കുന്നതിനിടെ പൊലീസും വോളണ്ടിയർമാരായ വിദ്യാർത്ഥികളും തമ്മിലുണ്ടായ തർക്കം ലാത്തിച്ചാർജിലാണ് അവസാനിച്ചത്. സംഭവത്തിൽ വോളണ്ടിയർമാരായി സേവനമനുഷ്ഠിച്ചിരുന്ന അഞ്ചോളം വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഇവരെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2026-നെ വരവേൽക്കാൻ അർദ്ധരാത്രിയോടെ വൻ ജനപ്രവാഹമാണ് ശംഖുമുഖത്ത് ഉണ്ടായത്. ജനത്തിരക്ക് വർദ്ധിച്ചതോടെ ബാരിക്കേഡുകൾക്ക് അപ്പുറത്തേക്ക് ആളുകൾ തള്ളിക്കയറാൻ ശ്രമിച്ചു. ഇത് തടയാൻ ശ്രമിച്ച വോളണ്ടിയർമാരെ പൊലീസ് ലാത്തി വീശി മാറ്റുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ ആരോപിക്കുന്നു. […]