ഇരയാക്കപ്പെട്ടവളില്‍ നിന്നും അതിജീവനത്തിലേക്കുള്ള നടിയുടെ യാത്രയ്‌ക്ക് പിന്തുണമായി മലയാള സിനിമാ താരങ്ങള്‍.
നടി പങ്കുവച്ച ഇന്‍സ്റ്റഗ്രാം കുറിപ്പ് സിനിമാ ലോകം ഒന്നടങ്കം ഏറ്റെടുത്തു. പോസ്റ്റ് ഷെയര്‍ ചെയ്ത ശേഷം ‘ധൈര്യം” എന്നാണ് പൃഥ്വിരാജ് കുറിച്ചത്.
ടൊവിനോ, പാര്‍വതി, കുഞ്ചോക്കോ ബോബന്‍, ആഷിക് അബു, ഐശ്വര്യ ലക്ഷ്‌മി, റിമ കല്ലിങ്കല്‍, സയനോര ഫിലിപ്പ്, അന്ന ബെന്‍, സുപ്രിയ മേനോന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, നിമിഷ സജയന്‍, അഞ്ജലി മേനോന്‍, മിയ, ദിവ്യ പ്രഭ തുടങ്ങിയ താരങ്ങളെല്ലാം പിന്തുണ അറിയിച്ചിട്ടുണ്ട്.
‘അവള്‍ക്കൊപ്പം താങ്കള്‍ നില്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഇത് മറ്റുള്ളവര്‍ക്കും പ്രചോദനമാകട്ടെ“യെന്നുമാണ് സംവിധായിക അഞ്ജലി മേനോന്‍ പൃഥ്വിയുടെ പോസ്റ്റിന് താഴെ കുറിച്ചത്. നടിയുടെ ആക്രമണവുമായി ബന്ധപ്പെട്ട കേസില്‍ പുതിയ വെളിപ്പെടുത്തല്‍ വന്നതിന് പിന്നാലെയാണ് തനിക്കൊപ്പം നിന്നവര്‍ക്ക് നന്ദി പറഞ്ഞ് താരം എത്തിയത്. ആ കുറിപ്പ് ഇങ്ങനെ…
‘ ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര.അഞ്ചു വര്‍ഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അതിക്രമത്തിനടിയില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണ്.കുറ്റം ചെയ്തത് ഞാന്‍ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്.
എന്നാല്‍, അപ്പോളൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ട് വന്നു; എനിക്ക് വേണ്ടി സംസാരിക്കാന്‍, എന്റെ ശബ്ദം നിലയ്ക്കാതിരിക്കാന്‍. ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങള്‍ കേള്‍ക്കുമ്ബോള്‍ ഞാന്‍ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു. നീതി പുലരാനും തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടാനും ഇങ്ങനെയൊരനുഭവം മറ്റാര്‍ക്കും ഉണ്ടാവാതെയിരിക്കാനും ഞാന്‍ ഈ യാത്ര തുടര്‍ന്നു കൊണ്ടേയിരിക്കും. കൂടെ നില്‍ക്കുന്ന എല്ലാവരുടെയും സ്‌നേഹത്തിനു ഹൃദയം നിറഞ്ഞ നന്ദി.”