Blog Post

Karanavars > News > Keralam > ആറു മാസത്തിനകം കോണ്‍ഗ്രസില്‍ അടിമുടി മാറ്റം; യു ഡി എഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് രണ്ട് പേരുകള്‍, സുധാകരന് ടാര്‍ഗറ്റ് നല്‍കി ഹൈക്കമാന്‍ഡ്

ആറു മാസത്തിനകം കോണ്‍ഗ്രസില്‍ അടിമുടി മാറ്റം; യു ഡി എഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് രണ്ട് പേരുകള്‍, സുധാകരന് ടാര്‍ഗറ്റ് നല്‍കി ഹൈക്കമാന്‍ഡ്

തിരുവനന്തപുരം: കെ സുധാകരനെ കെ പി സി സി അദ്ധ്യക്ഷനായി പ്രഖ്യാപിച്ചതിന് പിന്നാലെ കേരളത്തില്‍ അടിമുടി മാറ്റത്തിനൊരുങ്ങി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. ആറ് മാസത്തിനകം പാര്‍ട്ടിയില്‍ സമ്ബൂര്‍ണ അഴിച്ചുപണി നടത്തണമെന്നാണ് സുധാകരന് എ ഐ സി സി നല്‍കിയിരിക്കുന്ന നിര്‍ദേശം. കെ പി സി സിയിലെ ജംബോ കമ്മിറ്റികളിലെല്ലാം അടിമുടി മാറ്റമുണ്ടാകും. പതിനാല് ഡി സി സികളുടെ തലപ്പത്തും മാറ്റം വരും. ജില്ലാ കമ്മിറ്റികളിലെ അംഗങ്ങളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടാകും.

ഭാരവാഹികള്‍ക്കെല്ലാം ടാര്‍ഗറ്റ് നല്‍കണമെന്നും അത് കൃത്യമായ ഇടവേളകളില്‍ വിലയിരുത്തണമെന്നുമാണ് സുധാകരനും ഹൈക്കമാന്‍ഡും തമ്മില്‍ ധാരണയായിരിക്കുന്നത്.

പ്രതിപക്ഷ നേതാവ്, കെ പി സി സി അദ്ധ്യക്ഷന്‍ എന്നീ പ്രഖ്യാപനങ്ങളുടെ പേരില്‍ ഇടഞ്ഞുനില്‍ക്കുന്ന നേതാക്കളെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഹൈക്കമാന്‍ഡ് തന്നെ മുന്‍കൈയെടുക്കുംമുതിര്‍ന്ന നേതാക്കളെ വിശ്വാസത്തിലെടുത്ത് മാത്രമേ മുന്നോട്ട് പോകാവൂവെന്ന് സുധാകരനെ രാഹുല്‍ അറിയിച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും ഒപ്പം നിര്‍ത്താനായിരിക്കും സുധാകരന്‍റെ ആദ്യശ്രമം. നേതാക്കളുടെ എതിര്‍പ്പിനെ കുറിച്ച്‌ കഴിഞ്ഞദിവസം ആവര്‍ത്തിച്ച്‌ ചോദ്യങ്ങളുയര്‍ന്നിട്ടും സുധാകരന്‍ പ്രതികരിക്കാതിരുന്നത് അതുകൊണ്ടാണ്.

വെട്ടിത്തുറന്നുള്ള പ്രതികരണങ്ങളും പ്രവര്‍ത്തനശൈലിയും മയപ്പെടുത്താനാണ് സുധാകരന്‍റെ തീരുമാനം. ഇതുണ്ടാക്കുന്ന ആപത്തിനെപ്പറ്റി മുതിര്‍ന്ന നേതാക്കള്‍ അദ്ദേഹത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പി ടി തോമസും ടി സിദ്ദിഖും വര്‍ക്കിംഗ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് വന്നതും കൊടിക്കുന്നിലിനെ നിലനിര്‍ത്തിയതും സാമുദായിക സമവാക്യങ്ങള്‍ കൂടി പരിഗണിച്ചാണ്.

വര്‍ക്കിംഗ് പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് മാറ്റിയ കെ വി തോമസ് യു ഡി എഫ് കണ്‍വീനറായേക്കുമെന്നാണ് സൂചന. കെ മുരളീധരന്‍റെ പേരും കണ്‍വീനര്‍ സ്ഥാനത്തേക്ക് ഒരുവിഭാഗം ഉയര്‍ത്തികാട്ടുന്നുണ്ട്. മുസ്ലീംലീഗ്, ജോസഫ് വിഭാഗം തുടങ്ങി മുന്നണിയിലെ ചെറുകക്ഷികള്‍ക്ക് വരെ സുധാകരന്‍റെ വരവില്‍ സന്തോഷമുണ്ട്. സുധാകരന്‍ തലപ്പത്ത് എത്തുന്നത് പാര്‍ട്ടിയ്‌ക്ക് മാത്രമല്ല മുന്നണിക്കാകെ ഗുണം ചെയ്യുമെന്നാണ് ഘടകക്ഷികളുടെ കണക്കുകൂട്ടല്‍.

Leave a comment

Your email address will not be published. Required fields are marked *