സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ പെൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ തകർപ്പൻ പ്രകടനത്തോടെ സ്വർണ്ണം നേടി കണ്ണൂരിന്റെ അഭിമാനമായി മാറി ബി.കെ. അൻവിക. ഇന്നലെ നടന്ന ആവേശകരമായ പോരാട്ടത്തിൽ 33.69 മീറ്റർ ദൂരത്തിലേക്ക് ഡിസ്കസ് എറിഞ്ഞിട്ടാണ് അൻവിക ഈ തങ്കനേട്ടം സ്വന്തമാക്കിയത്. കണ്ണൂർ മമ്പറം എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ അൻവികയ്ക്ക് ഇത് സംസ്ഥാന സ്കൂൾ കായികമേളയിലെ തുടർച്ചയായ മൂന്നാം വർഷത്തെ സ്വർണ്ണവേട്ടയാണ്. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ സബ് ജൂനിയർ വിഭാഗം ഷോട്ട്പുട്ടിലായിരുന്നു അൻവിക സ്വർണ്ണം നേടിയത്. എന്നാൽ കഴിഞ്ഞ തവണ നഷ്ടമായ ഡിസ്കസ് ത്രോയിലെ സ്വർണ്ണം ഇത്തവണ വലിയൊരു തിരിച്ചുവരവിലൂടെ തിരിച്ചുപിടിക്കാൻ ഈ മിടുക്കിക്ക് സാധിച്ചു.
പ്രതിസന്ധികളോട് പൊരുതി നേടിയ ഈ വിജയത്തിന് പിന്നിൽ വലിയൊരു അധ്വാനത്തിന്റെ കഥയുണ്ട്. ഏഴാം ക്ലാസ് മുതൽ കായികരംഗത്ത് സജീവമായ അൻവികയെ എപ്പോഴും പിന്തുണച്ച് കൂടെയുള്ളത് പിതാവാണ്. കള്ള് ചെത്ത് തൊഴിലാളിയായ പി.കെ. രാജേഷിന്റെയും പി. സജിനയുടെയും മകളായ അൻവിക പരിമിതമായ സാഹചര്യങ്ങളെ അതിജീവിച്ചാണ് ഈ നേട്ടത്തിലേക്ക് എറിഞ്ഞു കയറിയത്. പരിശീലകൻ പി. റിജുവിന്റെ കൃത്യമായ പരിശീലനവും മാർഗ്ഗനിർദ്ദേശവും താരത്തിന്റെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ചു.
മത്സരത്തിൽ കോഴിക്കോട് മേപ്പയ്യൂർ ജി.വി.എച്ച്.എസ്.എസിലെ അഭിനയ വെള്ളി മെഡൽ സ്വന്തമാക്കി. ഡിസ്കസിൽ മികച്ച ദൂരം കണ്ടെത്തിയ അൻവിക, താൻ മുൻപ് സ്വർണ്ണം നേടിയ ഷോട്ട്പുട്ടിലും ഇത്തവണ മത്സരിക്കുന്നുണ്ട്. ഇരട്ട സ്വർണ്ണം നേടി കണ്ണൂരിന്റെ മെഡൽ തിളക്കം കൂട്ടാമെന്ന ഉറച്ച വിശ്വാസത്തിലാണ് ഈ മിടുക്കി.