തമിഴ്നാട്ടിലെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന നവജാത ശിശുക്കൾക്ക് ഒരു ഗ്രാം സ്വർണ മോതിരം സമ്മാനിക്കുന്ന അഭിമാനകരമായ ‘തായ്മാമൻ തങ്കമോതിരം’ പദ്ധതിക്ക് ഇന്ന് ഔദ്യോഗിക തുടക്കമായി. മധുരയിലെ രാജാജി സർക്കാർ ആശുപത്രിയിൽ നടന്ന ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പദ്ധതി ഉദ്ഘാടനം ചെയ്തു.
സർക്കാർ ആശുപത്രികളിലെ പ്രസവങ്ങൾ വർധിപ്പിക്കാനും, മാതൃ-ശിശു സംരക്ഷണം ഉറപ്പാക്കാനുമാണ് സർക്കാർ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രസവ വാർഡുകൾ നേരിട്ട് സന്ദർശിച്ച മുഖ്യമന്ത്രി വിജയ്, നവജാത ശിശുക്കളെയും അമ്മമാരെയും കണ്ട് സംസാരിക്കുകയും ആദ്യഘട്ടമായി തിരഞ്ഞെടുത്ത കുട്ടികൾക്ക് സ്വർണ മോതിരങ്ങൾ സമ്മാനിക്കുകയും ചെയ്തു.
കുടുംബത്തിലെ മാതുലൻ അഥവാ തായ്മാമൻ കുട്ടികൾക്ക് സ്വർണം സമ്മാനിക്കുന്ന തമിഴ്നാടിന്റെ പരമ്പരാഗത ആചാരത്തെ ഓർമ്മിപ്പിക്കുന്നതാണ് ഈ ജനക്ഷേമ പദ്ധതി. സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന അർഹരായ എല്ലാ കുട്ടികൾക്കും 22 കാരറ്റ് ശുദ്ധതിയുള്ള ഒരു ഗ്രാം സ്വർണ മോതിരം വീതം ലഭ്യമാക്കും. ഈ പദ്ധതിക്കായി പ്രതിവർഷം 755.83 കോടി രൂപയാണ് സംസ്ഥാന സർക്കാർ വകയിരുത്തിയിട്ടുള്ളത്.
സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി വിതരണം ചെയ്യുന്ന സ്വർണ മോതിരങ്ങളിൽ തനതായ സീരിയൽ നമ്പറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പി.ഐ.സി.എം.ഇ (PICME) സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്ത് ആർ.സി.എച്ച് (RCH) ഐ.ഡി ലഭിച്ച തമിഴ്നാട്ടിലെ സ്ഥിരതാമസക്കാരായ അമ്മമാരുടെ കുഞ്ഞുങ്ങൾക്കാണ് പദ്ധതിയിലൂടെ സ്വർണ മോതിരം ലഭിക്കാൻ അർഹതയുള്ളത്. ആശുപത്രികളിൽ നിന്നും ഡിസ്ചാർജ് ചെയ്യുന്ന വേളയിൽ തന്നെ ഈ സമ്മാനം ഗുണഭോക്താക്കൾക്ക് കൈമാറാനാണ് ഔദ്യോഗിക തീരുമാനം.