മലയാള സിനിമയിലെ ചൂഷണങ്ങളും നുണക്കഥകളും പുറത്തുകൊണ്ടുവന്ന ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാതിരിക്കാൻ സംസ്ഥാന വിവരാവകാശ കമ്മീഷനിൽ ഗൂഢാലോചന നടന്നതായി നിർണായക വെളിപ്പെടുത്തൽ. മുൻ വിവരാവകാശ കമ്മീഷണർ ഡോ. എ.എ. അബ്ദുൾ ഹക്കീം ആണ് ഇന്ന് പുറത്തുവന്ന തന്റെ പുതിയ പുസ്തകത്തിലൂടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
‘മലയാള സിനിമ: ഹേമ കമ്മിറ്റി പറഞ്ഞതും സർക്കാർ പറയാത്തതും’ എന്ന പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തലുകളുള്ളത്. വിവരാവകാശ നിയമപ്രകാരം റിപ്പോർട്ട് ആവശ്യപ്പെട്ട മാധ്യമപ്രവർത്തകർക്കും മറ്റും രേഖകൾ ലഭിക്കാതിരിക്കാൻ കമ്മീഷനിൽ ബോധപൂർവ്വമായ തടസ്സങ്ങൾ സൃഷ്ടിച്ചുവെന്ന് അദ്ദേഹം ആരോപിക്കുന്നു. റിപ്പോർട്ടിന്റെ പൂർണ്ണ രൂപം പുറത്തുവിടുന്നതിൽ നിന്നും തടയാൻ കമ്മീഷന്റെ ചരിത്രത്തിൽ ആദ്യമായി ഒരു മൂന്നംഗ ഡിവിഷൻ ബെഞ്ച് രൂപീകരിക്കുകയായിരുന്നു. എൽ.ഡി.എഫ് സർക്കാരിന്റെ കാലാവധി അവസാനിക്കുന്ന മെയ് മാസം വരെ റിപ്പോർട്ടിൽ തുടർനടപടികൾ ഒന്നും ഉണ്ടാകില്ലെന്നും അതിനുശേഷം ആലോചിക്കാമെന്നും മുഖ്യ വിവരാവകാശ കമ്മീഷണർ നിലപാടെടുത്തതായും പുസ്തകത്തിൽ വ്യക്തമാക്കുന്നു.
താൻ വിവരാവകാശ കമ്മീഷണറായിരിക്കെ റിപ്പോർട്ട് നൽകാൻ ഉത്തരവിടാൻ ഒരുങ്ങിയ ഘട്ടത്തിൽ, വിദേശത്തായിരുന്ന മുഖ്യ വിവരാവകാശ കമ്മീഷണർ ഫോണിൽ ബന്ധപ്പെട്ട് മറ്റൊരു അപേക്ഷ കൂടി പരിഗണിക്കാനുണ്ടെന്ന് പറഞ്ഞ് കേസ് മാറ്റിവെക്കാൻ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് തനിക്ക് ഈ കേസിന്റെ ചുമതലയിൽ നിന്നും മാറ്റം നൽകുകയും ബോധപൂർവ്വം നടപടികൾ വൈകിക്കുകയുമാണ് ഉണ്ടായത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ റിലീസുമായി ബന്ധപ്പെട്ട് കമ്മീഷനുള്ളിൽ നടന്ന അണിയറ നീക്കങ്ങളും അധികാര ദുർവിനിയോഗങ്ങളും തുറന്നുകാട്ടുന്നതാണ് ഈ പുതിയ വെളിപ്പെടുത്തൽ.