വൻ സാമ്പത്തിക ക്രമക്കേടുകളും അഴിമതി ആരോപണങ്ങളും കണ്ടെത്തിയതിനെ തുടർന്ന് കെ.എസ്. മണിയുടെ നേതൃത്വത്തിലുള്ള മിൽമ മലബാർ മേഖല യൂണിയൻ പിരിച്ചുവിട്ട നടപടിയിൽ ക്ഷീരവികസന വകുപ്പ് അന്വേഷണം ശക്തമാക്കി. പ്രാഥമിക കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ കാര്യങ്ങൾ കൂടുതൽ വ്യക്തതയോടെ പരിശോധിക്കുന്നതിനായി ഇന്ന് സർക്കാർ മൂന്നംഗ അന്വേഷണ സംഘത്തിന് രൂപം നൽകി.
മിൽമ ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുന്നത്. ജോയിന്റ് ഡയറക്ടർ ജയസൂജീഷ്, ഡെപ്യൂട്ടി ഡയറക്ടർ സജിനി, അസിസ്റ്റന്റ് ഡയറക്ടർ സ്മിത എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. പ്രാഥമിക ഘട്ടത്തിൽ കണ്ടെത്തിയ ഗുരുതര വീഴ്ചകളിലും ക്രമക്കേടുകളിലും ഈ സംഘം വിശദമായ പരിശോധന നടത്തി ഉടൻ തന്നെ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ തുടർനടപടികൾ ഉണ്ടാകുമെന്നും, ആവശ്യമെങ്കിൽ കേസ് വിജിലൻസിന് കൈമാറുമെന്നും വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
ഇക്കഴിഞ്ഞ സെപ്റ്റംബർ 18-നാണ് മലപ്പുറം ഡയറിയിലെ നെയ്യ് മോഷണം, കാസർകോട് ഡയറിയിലേക്ക് ഗുണനിലവാരമില്ലാത്ത പാൽ സംഭരിച്ചതുവഴിയുള്ള ലക്ഷങ്ങളുടെ നഷ്ടം, ഓഡിറ്റ് നടത്താത്തത് തുടങ്ങിയ ഗുരുതര പരാതികളുടെ പശ്ചാത്തലത്തിൽ മലബാർ മിൽമ യൂണിയൻ പിരിച്ചുവിട്ടത്. തുടർന്ന് യൂണിയന്റെ ഭരണം അഡ്മിനിസ്ട്രേറ്റർക്ക് കൈമാറുകയായിരുന്നു. എന്നാൽ സർക്കാരിന്റെ ഈ നടപടി പൂർണ്ണമായും രാഷ്ട്രീയപ്രേരിതമാണെന്നും, യാതൊരുവിധ കാരണം കാണിക്കൽ നോട്ടീസും നൽകാതെയാണ് ഭരണസമിതിയെ പിരിച്ചുവിട്ടതെന്നും മുൻ ചെയർമാൻ കെ.എസ്. മണി ആരോപിച്ചിരുന്നു. ഭരണസമിതിക്കെതിരായ നടപടിയെ നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. പുതിയ മൂന്നംഗ സംഘത്തിന്റെ സമഗ്ര അന്വേഷണ റിപ്പോർട്ട് പുറത്തുവരുന്നതോടെ സംഭവത്തിൽ കൂടുതൽ നിർണ്ണായക വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.