Blog Post

Karanavars > News > Accident >  നോയിഡയിൽ ഓടിക്കൊണ്ടിരുന്ന സ്ലീപ്പർ ബസിന് തീപിടിച്ച് 9 യാത്രക്കാർ വെന്തുമരിച്ചു

 നോയിഡയിൽ ഓടിക്കൊണ്ടിരുന്ന സ്ലീപ്പർ ബസിന് തീപിടിച്ച് 9 യാത്രക്കാർ വെന്തുമരിച്ചു

ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ യാത്രാവേളയിൽ സ്ലീപ്പർ ബസിന് തീപിടിച്ച് 9 പേർ ദാരുണമായി കൊല്ലപ്പെട്ടു. ഡൽഹിയിൽ നിന്ന് മഹോബയിലേക്ക് പോവുകയായിരുന്ന സ്വകാര്യ സ്ലീപ്പർ ബസിലാണ് ഇന്നലെ രാത്രിയോടെ വൻ ദുരന്തമുണ്ടായത്. യമുനാ എക്സ്പ്രസ് വേയിൽ ജേവാറിന് സമീപം വെച്ചാണ് ബസ് അഗ്നിക്കിരയായത്.

30 മുതൽ 35 വരെ യാത്രക്കാരുമായാണ് ബസ് സർവീസ് നടത്തിയിരുന്നത്. യാത്രക്കാർ ഉറങ്ങിക്കിടക്കുന്ന സമയത്താണ് സംഭവം. ബസിന്റെ ഡ്രൈവർ കാബിനിൽ നിന്ന് പുകയുന്ന മണം വരുന്നത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ ജീവനക്കാരെ വിവരം അറിയിച്ചിരുന്നെങ്കിലും, ഡ്രൈവറും കണ്ടക്ടറും ഇത് അവഗണിക്കുകയായിരുന്നു എന്ന് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. മാത്രമല്ല, യാത്രക്കാരുടെ ആശങ്കകൾ തള്ളിക്കളഞ്ഞ ഇവർ കാബിനുള്ളിൽ ഇരുന്ന് സിഗരറ്റ് വലിക്കുന്നത് തുടരുകയും ചെയ്തു.

പെട്ടെന്ന് ഡ്രൈവർ സീട്ടിന് സമീപത്തുനിന്ന് തീപടരുകയും നിമിഷനേരംകൊണ്ട് ബസ് പൂർണ്ണമായി അഗ്നിഗോളമാവുകയുമായിരുന്നു. കനത്ത പുകയും തീയും കാരണം പുറത്തിറങ്ങാനാവാതെയാണ് ഒമ്പത് യാത്രക്കാർ ഉള്ളിൽ കുടുങ്ങിപ്പോയത്. ചില യാത്രക്കാർ ജനൽച്ചില്ലുകൾ തകർത്തും പുറത്തേക്ക് ചാടിയുമാണ് ജീവ രക്ഷിച്ചത്. പരിക്കേറ്റവരെ ഉടൻതന്നെ ജേവാറിലെ കിലാഷ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ ബസ് ഡ്രൈവർ പവൻ, കണ്ടക്ടർ യോഗേഷ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകടത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും, മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായധനം പ്രഖ്യാപിക്കുകയും ചെയ്തു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ അധികൃതർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *