ഇംഗ്ലണ്ടിന്റെ സൂപ്പർ പേസർ മാർക്ക് വുഡ് രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. നീണ്ടകാലമായി തന്നെ അലട്ടിയിരുന്ന പരിക്കുകളെ തുടർന്ന് ഇന്നലെ ആണ് 36 കാരനായ താരം തന്റെ വിരമിക്കൽ പ്രഖ്യാപനം പുറത്തുവിട്ടത്. 11 വർഷം നീണ്ട തന്റെ രാജ്യാന്തര കരിയറിനാണ് ഇതോടെ വിരാമമായിരിക്കുന്നത്. പരിക്കുകളിൽ നിന്ന് മോചിതനാകാൻ താൻ നടത്തിയ കഠിനശ്രമങ്ങൾക്കൊടുവിൽ “ഈ തവണ ഞാൻ പോരാട്ടത്തിൽ തോറ്റുപോയി” എന്നാണ് വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ട് വുഡ് വൈകാരികമായി പ്രതികരിച്ചത്. മെഡിക്കൽ നിർദ്ദേശപ്രകാരം ഇനി ടെസ്റ്റ് ക്രിക്കറ്റിലും 50 ഓവർ മത്സരങ്ങളിലും തുടരാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കരിയറിൽ ഉടനീളം അവിശ്വസനീയമായ വേഗതയിലൂടെ ആരാധകരെ വിസ്മയിപ്പിച്ച താരമാണ് മാർക്ക് വുഡ്. ഇംഗ്ലണ്ട് ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും വേഗതയേറിയ ബൗളർമാരിൽ ഒരാളായ അദ്ദേഹം, ടീം നേടിയ ചരിത്രനേട്ടങ്ങളിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. 2019-ലെ ഏകദിന ലോകകപ്പ്, 2022-ലെ ടി20 ലോകകപ്പ് എന്നിവ സ്വന്തമാക്കിയ ഇംഗ്ലീഷ് ടീമുകളിൽ സജീവ സാന്നിധ്യമായിരുന്നു വുഡ്. കൂടാതെ നാല് ആഷസ് പരമ്പരകളിലും അദ്ദേഹം ഇംഗ്ലണ്ടിനായി പന്തെറിഞ്ഞിട്ടുണ്ട്.
രാജ്യാന്തര കരിയറിൽ ആകെ 38 ടെസ്റ്റുകൾ കളിച്ച അദ്ദേഹം 119 വിക്കറ്റുകൾ വീഴ്ത്തി. കൂടാതെ 70 ഏകദിനങ്ങളിൽ നിന്ന് 80 വിക്കറ്റുകളും, 38 ടി20 മത്സരങ്ങളിൽ നിന്ന് 54 വിക്കറ്റുകളും തന്റെ പേരിലാക്കി. കഴിഞ്ഞ വർഷം നവംബറിൽ ഓസ്ട്രേലിയക്കെതിരെയുള്ള പെർത്ത് ടെസ്റ്റിലാണ് വുഡ് അവസാനമായി ഇംഗ്ലണ്ടിനായി കളിച്ചത്. തുടർന്നുണ്ടായ കാൽമുട്ടിന്റെ പരിക്കിനെ തുടർന്ന് അദ്ദേഹം ടീമിന് പുറത്തായിരുന്നു. സെൻട്രൽ കരാർ അവസാനിക്കുന്ന ഈ വേള വിരമിക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണെന്ന് താരം കൂട്ടിച്ചേർത്തു. രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുമ്പോഴും കൗണ്ടി ക്രിക്കറ്റിലും മറ്റ് ഫ്രാഞ്ചൈസി ലീഗുകളിലും തുടർന്നും സജീവമാകാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് മാർക്ക് വുഡ്.