മുൻ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ ലോക കേരള സഭ പിരിച്ചുവിടാൻ മന്ത്രിസഭാ യോഗം ഔദ്യോഗികമായി തീരുമാനിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്നലെ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. മുൻ സർക്കാരിന്റെ കാലത്ത് രൂപീകരിച്ച ലോക കേരള സഭയുടെ നടത്തിപ്പിലും അംഗങ്ങളുടെ തിരഞ്ഞെടുപ്പിലും വലിയ തോതിലുള്ള ആക്ഷേപങ്ങളും ധൂർത്തും ഉയർന്നിരുന്നു. കഴിഞ്ഞ രണ്ടും മൂന്നും സഭകൾ എടുത്ത തീരുമാനങ്ങളൊന്നും തന്നെ കാര്യമായി നടപ്പാകാത്ത സാഹചര്യത്തിലാണ് സഭ പിരിച്ചുവിടാൻ മന്ത്രിസഭ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രവാസികളുടെ വിഷയങ്ങൾ കൂടുതൽ ഫലപ്രദമായി ചർച്ച ചെയ്യാനും അവരുടെ ക്ഷേമം ഉറപ്പാക്കാനും പുതിയ ബദൽ സംവിധാനങ്ങൾ ഉടൻ കൊണ്ടുവരുമെന്ന് സർക്കാർ അറിയിച്ചു. പ്രവാസികളുടെ നിക്ഷേപങ്ങൾ കേരളത്തിന്റെ വികസനത്തിനായി ഉപയോഗിക്കുന്നതിനുള്ള പുതിയ പദ്ധതികൾ ആവിഷ്കരിക്കുമെന്നും, ഇതിനായി മുഖ്യമന്ത്രി ചെയർമാനായുള്ള പ്രത്യേക മന്ത്രിസഭാ ഉപസമിതിക്ക് രൂപം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.