Blog Post

Karanavars > News > Goverment > പിഎസ്‌സി ക്രമക്കേട്: ചെയര്‍മാനെതിരെ നടപടിക്ക് നീക്കവുമായി ഗവർണർ

പിഎസ്‌സി ക്രമക്കേട്: ചെയര്‍മാനെതിരെ നടപടിക്ക് നീക്കവുമായി ഗവർണർ

കേരള പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്‌സി) പരീക്ഷാ ക്രമക്കേടുകളിൽ ഭരണഘടനാപരമായ അസാധാരണ നടപടികളിലേക്ക് കടന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. സംസ്ഥാനത്ത് വിവാദമായ പിഎസ്‌സി പരീക്ഷാ തട്ടിപ്പുകളിലും നിയമന അഴിമതികളിലും ചെയർമാൻ ഡോ. എം.ആർ. ബൈജുവിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി രാഷ്ട്രപതിയുടെ അനുമതി തേടാനുള്ള നീക്കത്തിലാണ് രാജ്ഭവൻ.

കഴിഞ്ഞ ദിവസങ്ങളിൽ പിഎസ്‌സി പരീക്ഷാ തിരിമറികളുമായി ബന്ധപ്പെട്ട് നൂറിലധികം പരാതികൾ ലഭിച്ചതിനെ തുടർന്ന് ഗവർണർ നേരിട്ട് ഇടപെടലുകൾ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ഇന്നലെ പിഎസ്‌സി സെക്രട്ടറിയെയും സംസ്ഥാന പൊലീസ് മേധാവിയെയും രാജ്ഭവനിലേക്ക് വിളിച്ചുവരുത്തി ഗവർണർ അന്വേഷണ പുരോഗതിയും വിശദാംശങ്ങളും ചോദിച്ചറിഞ്ഞിരുന്നു. ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേക്കുള്ള പരീക്ഷ ഉൾപ്പെടെയുള്ളവയിൽ കൃത്രിമം നടന്നതായാണ് ക്രൈംബ്രാഞ്ച് അടക്കം കണ്ടെത്തിയിരിക്കുന്നത്.

ഭരണഘടനാ സ്ഥാപനമായ പിഎസ്‌സിയുടെ ചെയർമാനെയും അംഗങ്ങളെയും നേരിട്ട് പുറത്താക്കാനോ സസ്പെൻഡ് ചെയ്യാനോ സംസ്ഥാന സർക്കാരിനോ ഗവർണർക്കോ നേരിട്ട് അധികാരമില്ല. ഈ സാഹചര്യത്തിലാണ് ഭരണഘടനയുടെ 317-ാം അനുച്ഛേദപ്രകാരം നടപടികൾക്കായി വിഷയം രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് സമർപ്പിക്കാൻ ഗവർണർ നിയമോപദേശം തേടിയിട്ടുള്ളത്. രാഷ്ട്രപതി വിഷയം സുപ്രീംകോടതിയുടെ അന്വേഷണത്തിന് വിടുകയാണെങ്കിൽ, ആ അന്വേഷണ കാലയളവിൽ ചെയർമാനെതിരെ സസ്പെൻഷൻ നടപടികൾ സ്വീകരിക്കാൻ ഗവർണർക്ക് അധികാരമുണ്ട്.

ഉദ്യോഗാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്ന പരീക്ഷാ തട്ടിപ്പുകളിൽ അന്വേഷണം ശക്തമാക്കാനും കുറ്റക്കാർക്കെതിരെ വിട്ടവീഴ്ചയില്ലാത്ത നടപടിയെടുക്കാനുമാണ് ഗവർണറുടെ തീരുമാനം. രാജ്ഭവന്റെ ഈ കടുത്ത നീക്കം സംസ്ഥാന രാഷ്ട്രീയത്തിലും ഉദ്യോഗസ്ഥ തലത്തിലും വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *