ഇന്ന് മഹാരാഷ്ട്രയിലെ നാഗ്പൂരിൽ സ്ഥിതി ചെയ്യുന്ന വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റിലുണ്ടായ ക്ലോറിൻ ഗ്യാസ് ചോർച്ച വലിയ ആശങ്കയാണ് സൃഷ്ടിച്ചത്. ഗോധാനി പ്രദേശത്തെ ജലശുദ്ധീകരണ പ്ലാന്റിലെ 900 കിലോഗ്രാം ശേഷിയുള്ള സിലിണ്ടറിൽ നിന്നാണ് പുലർച്ചെയോടെ വിഷവാതകം ചോർന്നത്.
അപകടത്തെ തുടർന്ന് സമീപവാസികളായ 40-ലധികം ആളുകളെ ശ്വാസതടസ്സവും ചുമയും അനുഭവപ്പെട്ടതിനെത്തുടർന്ന് മാെയോ ആശുപത്രിയിലും സ്പർഷ് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. പ്ലാന്റിലെ ജീവനക്കാരും പ്രദേശവാസികളുമാണ് ദുരന്തത്തിനിരയായവരിൽ അധികവും. കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ നില ഗുരുതരമല്ലാെെയെങ്കിലും, വിഷവാതകം ശ്വസിച്ച ഇവർ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്.
വാതക ചോർച്ച രൂക്ഷമായതോടെ പ്രദേശത്ത് കനത്ത പരിഭ്രാന്തിയാണ് ഉണ്ടായത്. വിവരം അറിഞ്ഞയുടൻ നാഗ്പൂർ മുനിസിപ്പൽ കോർപ്പറേഷൻ ഫയർഫോഴ്സും, നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്‌സും (എൻ.ഡി.ആർ.എഫ്) പോലീസും ചേന്ന് അടിയന്തര രക്ഷാപ്രവർത്തനം ആരംഭിച്ചു. സുരക്ഷ മുൻനിർത്തി പ്ലാന്റിന്റെ 200 മീറ്റർ ചുറ്റളവിലുണ്ടായിരുന്ന ആളുകളെ പൂർണ്ണമായി ഒഴിപ്പിച്ചു.
തുടർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പുലർച്ചെ 5:30-ഓടെ ചോർച്ച പൂർണ്ണമായും നിയന്ത്രണവിധേയമാക്കാൻ എൻ.ഡി.ആർ.എഫ് സംഘത്തിന് സാധിച്ചു. അപകടത്തിന് കാരണമായ സിലിണ്ടർ കാസ്റ്റിക് സോഡ ലായനി അടങ്ങിയ ടാങ്കിൽ മുക്കി സുരക്ഷിതമാക്കി. നിലവിൽ സ്ഥിതിഗതികൾ പൂർണ്ണ നിയന്ത്രണത്തിലാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു. സംഭവത്തെക്കുറിച്ച് പൊലീസും വ്യവസായ സുരക്ഷാ വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.