Blog Post

Karanavars > News > Career > പി.എസ്.സി ഉദ്യോഗാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടത്തിയ യുവമോർച്ച സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം

പി.എസ്.സി ഉദ്യോഗാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടത്തിയ യുവമോർച്ച സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം

പി.എസ്.സി പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും ഉദ്യോഗാർത്ഥികൾക്ക് നീതി ആവശ്യപ്പെട്ടും സെക്രട്ടറിയേറ്റിലേക്ക് യുവമോർച്ച നടത്തിയ മാർച്ച് സംഘർഷഭരിതമായി. പി.എസ്.സി റാങ്ക് ഹോൾഡേഴ്സിന്റെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുവമോർച്ച സംസ്ഥാന പ്രസിഡന്റ് വി. മനു പ്രസാദിന്റെ നേതൃത്വത്തിലാണ് മാർച്ച് സംഘടിപ്പിച്ചത്. ബി.ജെ.പി നേതാവ് കെ. സുരേന്ദ്രൻ സമരം ഉദ്ഘാടനം ചെയ്തു.

പുളിമൂടിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം സെക്രട്ടറിയേറ്റിന് മുന്നിൽ എത്തിയതോടെ സ്ഥിതിഗതികൾ വഷളായി. ബാരിക്കേഡുകൾ തകർത്ത് മുന്നോട്ട് പോകാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു. തുടർന്ന് പ്രകടനക്കാർക്ക് നേരെ പൊലീസ് മൂന്ന് തവണ ജലപീരങ്കി പ്രയോഗിച്ചു. പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സംഘർഷം വഷളാകാതിരിക്കാൻ നേതാക്കൾ ഇടപെട്ട് രംഗം ശാന്തമാക്കാൻ ശ്രമിച്ചു.

കഴിഞ്ഞ കുറേ ദിവസങ്ങളായി സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളുടെ ആവശ്യങ്ങൾ സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് നേതാക്കൾ ആരോപിച്ചു. പി.എസ്.സി നിയമനങ്ങളിലെ അട്ടിമറികളും പരീക്ഷാ ക്രമക്കേടുകളും അന്വേഷിക്കണമെന്നും, സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളുമായി ചർച്ച നടത്താൻ പോലും സർക്കാർ തയ്യാറാകുന്നില്ലെന്നും കെ. സുരേന്ദ്രൻ കുറ്റപ്പെടുത്തി. ഉദ്യോഗാർത്ഥികൾക്ക് നീതി ലഭിക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്ന് യുവമോർച്ച വ്യക്തമാക്കി. തിരുവനന്തപുരത്തിന് പുറമെ കൊല്ലം, തൃശൂർ ഉൾപ്പെടെയുള്ള ജില്ലകളിലും സമാനമായ രീതിയിൽ കളക്ടറേറ്റുകളിലേക്ക് മാർച്ചുകൾ സംഘടിപ്പിച്ചിരുന്നു.

Leave a comment

Your email address will not be published. Required fields are marked *