കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരുടെ പുനരധിവാസവും ക്ഷേമവും ലക്ഷ്യമിട്ട് നടപ്പിലാക്കി വരുന്ന സമഗ്ര പദ്ധതിയായ ‘സ്നേഹസാന്ത്വനം’ പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സർക്കാർ 14.40 കോടി രൂപയുടെ ഭരണാനുമതി നൽകി. 2026-2027 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബജറ്റിലെ ധനാഭ്യര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തി സാമൂഹ്യനീതി വകുപ്പ് വഴിയാണ് ഈ തുക അനുവദിച്ചിരിക്കുന്നത്.
ദുരിതബാധിതർക്കുള്ള നേരിട്ടുള്ള സാമ്പത്തിക ആശ്വാസത്തിനാണ് അനുവദിച്ച തുകയുടെ വലിയൊരു ഭാഗം വിനിയോഗിക്കുന്നത്. നിലവില്‍ സഹായം ലഭിച്ചുകൊണ്ടിരിക്കുന്ന 5,208 ഗുണഭോക്താക്കള്‍ക്ക് 2026 ഏപ്രില്‍ മുതല്‍ 2027 മാര്‍ച്ച് വരെയുള്ള കാലയളവിലെ മാസാന്ത ആശ്വാസധനസഹായത്തിനായി 9,84,31,200 രൂപ മാറ്റിവെച്ചിട്ടുണ്ട്. ഇതിനുപുറമെ, പുതുതായി ലിസ്റ്റില്‍ ഉള്‍പ്പെടുമെന്ന് പ്രതീക്ഷിക്കുന്ന 1,000 ഗുണഭോക്താക്കള്‍ക്കായി 2.64 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
സാമൂഹിക സുരക്ഷയും പരിചരണവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി, ദുരിതബാധിതരെ പരിചരിക്കുന്ന 771 കെയര്‍ ഗിവേഴ്‌സിനുള്ള ‘ആശ്വാസകിരണം’ പദ്ധതിക്കായി 64,76,400 രൂപയും അനുവദിച്ചു. കൂടാതെ, ദുരിതബാധിത കുടുംബങ്ങളിലെ 400 കുട്ടികളുടെ 2026-27 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ക്കായി 10,05,000 രൂപയും ലഭ്യമാക്കിയിട്ടുണ്ട്. മേഖലയിലെ 10 മാതൃക ചൈല്‍ഡ് പുനരധിവാസ കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തുന്നതിനായി 1,16,87,400 രൂപയും ഈ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.