ഉത്തരേന്ത്യയില്‍ കനത്ത പേമാരിയും പ്രളയവും തുടരുന്നു. അസം, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ വിവിധ ജില്ലകള്‍ വെള്ളത്തിനടിയിലായി. അസമില്‍ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പ്രളയബാധിത പ്രദേശങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണെന്ന് അറിയിച്ചു. ലക്ഷക്കണക്കിന് ആളുകളാണ് വീടുകളില്‍ വെള്ളം കയറി ദുരിതത്തിലായിരിക്കുന്നത്.
ഛത്തീസ്ഗഡിലെ റായ്പൂര്‍, ബസ്തര്‍, ദുര്‍ഗ് ഡിവിഷനുകളിലും ഗാരിയബന്ദ് ജില്ലയിലും കനത്ത മഴ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നതും നദികള്‍ കരകവിഞ്ഞൊഴുകുന്നതും സ്ഥിതി ഗുരുതരമാക്കി. ഗാരിയബന്ദ് കളക്ടര്‍ ഭഗവാൻ സിംഗ് ഉയ്കെ സ്ഥിതിഗതികൾ വിലയിരുത്തി വരുന്നു. ദേശീയ പാതകളിലും ഗ്രാമീണ റോഡുകളിലും വെള്ളം കയറിയതോടെ പല പ്രദേശങ്ങളും ഒറ്റപ്പെട്ടു.
ദുരിതബാധിത മേഖലകളില്‍ നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സ് (NDRF), സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സ് (SDRF) എന്നിവയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. വെള്ളപ്പൊക്കത്തില്‍ കൃഷിയിടങ്ങളും വീടുകളും വ്യാപകമായി നശിച്ചു. കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്ന് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര സര്‍ക്കാരും അസമിലെയും ഛത്തീസ്ഗഡിലെയും സ്ഥിതിഗതികള്‍ നിരന്തരം നിരീക്ഷിച്ചുവരികയാണ്. ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിച്ചിട്ടുണ്ട്.