Blog Post

Karanavars > News > Court > രാജ്യത്ത് 3.96 ലക്ഷം ലഹരിക്കേസുകൾ കെട്ടിക്കിടക്കുന്നു; പ്രത്യേക കോടതികൾ സ്ഥാപിക്കാൻ കേന്ദ്ര നീക്കം

രാജ്യത്ത് 3.96 ലക്ഷം ലഹരിക്കേസുകൾ കെട്ടിക്കിടക്കുന്നു; പ്രത്യേക കോടതികൾ സ്ഥാപിക്കാൻ കേന്ദ്ര നീക്കം

രാജ്യത്ത് ലഹരിമരുന്ന് കേസുകൾ അതിവേഗം പെരുകുന്ന പശ്ചാത്തലത്തിൽ, തീർപ്പാക്കാനുള്ള 3.96 ലക്ഷത്തോളം കേസുകളിൽ വേഗത്തിൽ വിചാരണ പൂർത്തിയാക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഇതിന്റെ ഭാഗമായി സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രത്യേക എൻ.ഡി.പി.എസ് (NDPS) കോടതികൾ അടിയന്തരമായി സ്ഥാപിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കർശന നിർദ്ദേശം നൽകി.

നിലവിൽ രാജ്യത്താകെ ലഹരിക്കേസുകൾ കൈകാര്യം ചെയ്യാൻ വെറും 65 പ്രത്യേക കോടതികൾ മാത്രമാണ് പ്രവർത്തിക്കുന്നത്. 22 ഓളം സംസ്ഥാനങ്ങളിൽ ഇതുവരെ ഇത്തരം പ്രത്യേക കോടതികൾ സ്ഥാപിച്ചിട്ടില്ലെന്നത് ഗൗരവകരമായ വിഷയമാണെന്ന് കേന്ദ്രം വിലയിരുത്തി. വിചാരണ വൈകുന്നതിലെ സുപ്രീംകോടതിയുടെ കടുത്ത ആശങ്കയെ തുടർന്നാണ് ഈ നടപടി.

ഏറ്റവും കൂടുതൽ ലഹരിക്കേസുകൾ കെട്ടിക്കിടക്കുന്നത് പഞ്ചാബിലാണ് (60,000 കേസുകൾ). എന്നാൽ ഇവിടെ ഇതുവരെ ഒരു പ്രത്യേക കോടതിപോലും നിലവിലില്ല. രണ്ടാം സ്ഥാനത്തുള്ള കേരളത്തിൽ 50,000 കേസുകളാണ് തീർപ്പാക്കാനുള്ളത്. നിലവിലുള്ള 2 കോടതികൾക്ക് പുറമെ കേരളത്തിൽ 9 പ്രത്യേക കോടതികൾ കൂടി സ്ഥാപിക്കണമെന്നാണ് കേന്ദ്രത്തിന്റെ നിർദ്ദേശം.

കേസുകളുടെ ഭാരം ലഘൂകരിക്കുന്നതിനായി ഹൈക്കോടതി രജിസ്ട്രാർമാരുമായി ചർച്ച നടത്താനും, കോടതികൾ സ്ഥാപിക്കാൻ സ്വീകരിച്ച നടപടികളുടെ സ്റ്റാറ്റസ് റിപ്പോർട്ട് ഉടൻ സമർപ്പിക്കാനും സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 2014 മുതൽ 2026 വരെയുള്ള കാലയളവിൽ ലഹരിക്കേസുകളിലെ അറസ്റ്റും രജിസ്ട്രേഷനും വൻതോതിൽ വർധിച്ച സാഹചര്യത്തിൽ, ജുഡീഷ്യൽ നടപടികൾ വേഗത്തിലാക്കുന്നത് ലഹരി മാഫിയകൾക്കെതിരായ പോരാട്ടത്തിന് കരുത്ത് പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *