സൗദി അറേബ്യയിലെ പുണ്യനഗരിയായ മക്കയെ ലക്ഷ്യമിട്ട് ഹൂതി ഗ്രൂപ്പ് നടത്തിയ ഡ്രോൺ ആക്രമണ ശ്രമത്തെ യുഎഇ ശക്തമായ ഭാഷയിൽ അപലപിച്ചു. ഇന്ന് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് യുഎഇ വിദേശകാര്യ മന്ത്രാലയം ഈ നിലപാട് വ്യക്തമാക്കിയത്. ലോകമെമ്പാടുമുള്ള മുസ്ലീങ്ങളുടെ ആത്മീയ കേന്ദ്രമായ മക്കയെയും സൗദിയുടെ പരമാധികാരത്തെയും ലക്ഷ്യമിട്ടുള്ള ഇത്തരം നീക്കങ്ങൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതാണെന്ന് യുഎഇ വ്യക്തമാക്കി.
സൗദിയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും എതിരെ ഹൂതികൾ നടത്തുന്ന ഇത്തരം നീക്കം കടുത്ത ഭീഷണിയാണ് ഉയർത്തുന്നത്. സൗദി അറേബ്യയുടെ പരമാധികാരത്തിന്മേലുള്ള നഗ്നമായ കടന്നുകയറ്റമാണിതെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാണിക്കുന്നു. മേഖലയിലെ സമാധാനാന്തരീക്ഷം തകർക്കാൻ ലക്ഷ്യമിട്ടുള്ള ഇത്തരം ഭീകര പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കേണ്ടതുണ്ടെന്ന് അന്താരാഷ്ട്ര സമൂഹം വിലയിരുത്തുന്നുണ്ട്.
രാജ്യത്തിന്റെ സുരക്ഷയും പൗരന്മാരുടെയും തീർത്ഥാടകരുടെയും ജീവനും സംരക്ഷിക്കുന്നതിനായി സൗദി അറേബ്യ സ്വീകരിക്കുന്ന എല്ലാവിധ നടപടികൾക്കും യുഎഇ തങ്ങളുടെ പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചിട്ടുണ്ട്. ഗൾഫ് മേഖലയുടെ സുരക്ഷ പരസ്പര ബന്ധിതമാണെന്നും, സൗദിക്കെതിരെയുള്ള ഏതൊരു നീക്കത്തെയും ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും യുഎഇ നേതൃത്വം ആവർത്തിച്ചു വ്യക്തമാക്കി. ഈ സംഭവത്തോടനുബന്ധിച്ച് മേഖലയിൽ അതീാഗ്ര ജാഗ്രത തുടരുകയാണ്.