ഇന്ത്യൻ മഹാസമുദ്രത്തിലെ സുരക്ഷാ ഭീഷണികൾ നേരിടാൻ നിർണ്ണായക നീക്കവുമായി പ്രതിരോധ ഗവേഷണ വികസന സംഘടന (DRDO). ചൈനീസ്, പാകിസ്ഥാൻ അന്തർവാഹിനികളുടെ രഹസ്യനീക്കങ്ങൾ നിരീക്ഷിക്കാനായി ആഴക്കടലിൽ അത്യാധുനിക സെൻസർ ശൃംഖല ഒരുക്കാൻ ഇന്ത്യ ഒരുങ്ങുന്നു. ‘ഡീപ്പ് ഓഷ്യൻ വാച്ച്’ (Deep Ocean Watch) എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലൂടെ ഇന്ത്യൻ സമുദ്രാതിർത്തിയിൽ 24 മണിക്കൂറും ജാഗ്രത പുലർത്താനാണ് ലക്ഷ്യമിടുന്നത്.
എന്താണ് ഈ പദ്ധതി?
കടലിനടിയിൽ ഫൈബർ-ഒപ്റ്റിക് കേബിളുകൾ ഉപയോഗിച്ച് ബന്ധിപ്പിച്ച സെൻസർ നോഡുകൾ സ്ഥാപിക്കുന്നതാണ് ഈ പദ്ധതി. സമുദ്രാന്തർഭാഗത്തെ ഓരോ ചലനവും നിരീക്ഷിക്കാൻ ഇതിന് സാധിക്കും. കൊച്ചിയിലെ നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യനോഗ്രാഫിക് ലബോറട്ടറി (NPOL) ആണ് ഈ പദ്ധതിക്ക് ചുക്കാൻ പിടിക്കുന്നത്.
സാങ്കേതികവിദ്യയുടെ കരുത്ത്
ഈ ശൃംഖലയിൽ ഉൾപ്പെടുത്തുന്ന ‘സൂപ്പർകണ്ടക്റ്റിംഗ് ക്വാണ്ടം ഇന്റർഫറൻസ് ഡിവൈസുകൾ’ (SQUIDs) അങ്ങേയറ്റം നിർണ്ണായകമാണ്. ശബ്ദമുണ്ടാക്കാതെ സഞ്ചരിക്കുന്ന അന്തർവാഹിനികളുടെ ലോഹനിർമ്മിത ബോഡിയിൽ നിന്നുള്ള സൂക്ഷ്മമായ വൈദ്യുതകാന്തിക തരംഗങ്ങളെപ്പോലും കണ്ടെത്താൻ ഈ ഉപകരണങ്ങൾക്ക് കഴിയും. കൂടാതെ, ഹൈഡ്രോഫോണുകൾ അടക്കമുള്ള നിരീക്ഷണ സംവിധാനങ്ങളും ഇതിലുണ്ടാകും. ശേഖരിക്കുന്ന വിവരങ്ങൾ തത്സമയം വിശകലനം ചെയ്ത് അടിയന്തര നടപടികൾ സ്വീകരിക്കാൻ കൊച്ചിയിലെ കൺട്രോൾ സെന്ററിന് സാധിക്കും.
തന്ത്രപ്രധാനമായ ലക്ഷ്യങ്ങൾ
ബംഗാൾ ഉൾക്കടൽ, ആൻഡമാൻ-നിക്കോബാർ ദ്വീപ് സമൂഹങ്ങൾ, നൈന്റി ഈസ്റ്റ് റിഡ്ജ് തുടങ്ങിയ തന്ത്രപ്രധാന മേഖലകളിലാണ് ഈ സെൻസറുകൾ വിന്യസിക്കുക. ചൈനയുടെയും പാകിസ്ഥാന്റെയും അന്തർവാഹിനികൾക്ക് ഇന്ത്യൻ മഹാസമുദ്രത്തിലൂടെ സഞ്ചരിക്കാൻ ഇത്തരം മേഖലകൾ അത്യന്താപേക്ഷിതമാണ്. നിലവിൽ പട്രോളിംഗ് കപ്പലുകൾക്കും വിമാനങ്ങൾക്കും സാധ്യമാകാത്തവിധം, ആഴക്കടലിലെ ഈ ‘ഡിജിറ്റൽ വല’ ശത്രുരാജ്യങ്ങളുടെ നീക്കങ്ങളെ തടയാൻ ഇന്ത്യയെ സഹായിക്കും.
ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ, സമുദ്ര സുരക്ഷയിൽ ഇന്ത്യ വലിയൊരു നാഴികക്കല്ലാണ് പിന്നിടുന്നത്. ‘ആത്മനിർഭർ ഭാരത്’ പദ്ധതിയുടെ ഭാഗമായി പൂർണ്ണമായും തദ്ദേശീയ സാങ്കേതികവിദ്യയിൽ വികസിപ്പിക്കുന്ന ഈ സംവിധാനം, ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യയുടെ ആധിപത്യം ഉറപ്പിക്കാൻ സഹായിക്കും.