കേരള പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്.സി) വഴി നടത്തിയ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ നിയമനത്തിൽ വൻ ക്രമക്കേടുകൾ നടന്നതായി പരാതി. കഴിഞ്ഞ സർക്കാരിന്റെ അവസാന കാലയളവിൽ നടന്ന നിയമനങ്ങളുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങളാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്.
വിവിധ റാങ്ക് പട്ടികകളിൽ ഉൾപ്പെട്ട 15 പേർക്ക് വേണ്ടി പി.എസ്.സി യോഗ്യതാ മാനദണ്ഡങ്ങളിൽ ഇളവുകൾ വരുത്തിയെന്നും, ഇതിനായി മാനദണ്ഡങ്ങൾ അട്ടിമറിച്ചെന്നുമാണ് പ്രധാന ആരോപണം. മുൻ എസ്.എഫ്.ഐ നേതാക്കളെയും, കഴിഞ്ഞ സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരുമായി അടുപ്പമുള്ളവരെയും റാങ്ക് പട്ടികയിൽ തിരുകിക്കയറ്റാൻ ബോധപൂർവമായ ശ്രമം നടന്നതായും പരാതി ഉയരുന്നു.
തുടർച്ചയായി ഉയരുന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ, പി.എസ്.സിയുടെ വിശ്വാസ്യത വീണ്ടും ചോദ്യം ചെയ്യപ്പെടുകയാണ്. പ്ലാനിംഗ് ബോർഡ് നിയമനം ഉൾപ്പെടെയുള്ള മറ്റ് ചില തസ്തികകളിലെ ക്രമക്കേടുകൾക്കെതിരെ അന്വേഷണം നടക്കവെയാണ് അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ നിയമനത്തിലെ വിവാദങ്ങളും കൂടുതൽ സജീവമാകുന്നത്. ഈ നിയമനങ്ങളുടെ പശ്ചാത്തലത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യം ശക്തമാവുകയാണ്. ഭരണഘടനാപരമായ സ്വയംഭരണാധികാരമുള്ള പി.എസ്.സിയുടെ പ്രവർത്തനങ്ങളിൽ രാഷ്ട്രീയ ഇടപെടലുകൾ നടക്കുന്നുണ്ടോയെന്ന സംശയമാണ് ഉദ്യോഗാർത്ഥികൾക്കിടയിൽ ആശങ്ക പടർത്തുന്നത്.
നിലവിൽ, ക്രമക്കേട് ആരോപിക്കപ്പെട്ട നിയമനങ്ങളിൽ സർക്കാർ നിയമവിദഗ്ധരുടെ അഭിപ്രായം തേടിയിട്ടുണ്ട്. അട്ടിമറി നടന്നതായി പ്രാഥമിക നിഗമനങ്ങളിൽ തെളിയുകയാണെങ്കിൽ വിജിലൻസ് അന്വേഷണം ഉൾപ്പെടെയുള്ള കർശന നടപടികളിലേക്ക് കടക്കാനാണ് സർക്കാർ ആലോചിക്കുന്നത്.