Blog Post

Karanavars > News > Keralam > കെ റെയില്‍ സമരം; സ്ത്രീകള്‍ക്കെതിരെ ബലപ്രയോഗം പാടില്ല- ഗവര്‍ണര്‍

കെ റെയില്‍ സമരം; സ്ത്രീകള്‍ക്കെതിരെ ബലപ്രയോഗം പാടില്ല- ഗവര്‍ണര്‍

കെ റെയില്‍ പ്രതിഷേധത്തില്‍ സ്ത്രീകള്‍ക്കു നേരെ ബല പ്രയോഗം പാടില്ലെന്ന് ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്‍. ചെയ്യുന്നത് ശരിയാണോയെന്ന് സര്‍ക്കാര്‍ തന്നെ വിലയിരുത്തട്ടെ.

ജനാധിപത്യപരമായി തെരഞ്ഞെടുത്ത സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. എന്നാല്‍ പ്രതിഷേധത്തിനിടെ കെ റെയിലില്‍ പരസ്യ പ്രതികരണത്തിനില്ലെന്നും തന്റെ നിലപാട് സര്‍ക്കാരിനെ അറിയിക്കുമെന്നും ഗവര്‍ണര്‍ അറിയിച്ചു.

കെറെയില്‍ കല്ലിടലിനെതിരെ വിവിധയിടങ്ങളില്‍ പ്രതിഷേധം ശക്തമാവുകയാണ്. കോട്ടയം ചങ്ങനാശേരി മാടപ്പള്ളിയില്‍ കെ റെയില്‍ പ്രതിഷേധത്തിനിടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ പൊലീസ് ആക്രമണം അഴിച്ചു വിട്ടരുന്നു. സര്‍വേക്കെതിരെ പ്രതിഷേധിച്ച സ്ത്രീകള്‍ മണ്ണെണ്ണയോഴിച്ച്‌ ആത്മഹത്യാ ഭീഷണി മുഴക്കി. ഇവരെ ക്രൂരമായാണ് പൊലീസ് നേരിട്ടത്. സ്ത്രീകളേയും കുട്ടികളേയും വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തില്‍ കയറ്റിയത്.

സമരക്കാര്‍ക്കെതിരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച്‌ ചങ്ങനാശേരി നിയോജക മണ്ഡലത്തില്‍ ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുയാണ്. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് 6 മണി വരെയാണ് ഹര്‍ത്താല്‍. ജനകീയ സമര സമിതി നടത്തുന്ന ഹര്‍ത്താലിന് യുഡിഎഫ്, ബിജെപി, എസ്‍യുസിഐ തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളുടേയും പിന്തുണയുണ്ട്. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി. ഹര്‍ത്താല്‍ സമാധാനപരമായിരിക്കുമെന്ന് സമര സമിതി അറിയിച്ചു.

മാടപ്പള്ളിയില്‍ ഇന്നലെയുണ്ടായത് അസാധാരണ സംഭവങ്ങളാണ്. ഇന്നലെ പത്തരയോടെയായിരുന്നു ആദ്യ നീക്കം. മാടപ്പള്ളിയിലെ പത്താം വാര്‍ഡിലേക്ക് എത്തിയ കെ റെയിലിന്‍റെ വാഹനം സമരക്കാര്‍ തടഞ്ഞു. പ്രതിഷേധം ശക്തമായതോടെ കെ റെയില്‍ ജീവനക്കാര്‍ മടങ്ങി.

എന്നാല്‍ രണ്ടാമത്തെ ശ്രമം പൊലീസിന്റെ ഒത്താശയോടെയായിരുന്നു. ഒരു മണിയോടെ കല്ലിടാന്‍ കെ റെയില്‍ ജീവനക്കാര്‍ വീണ്ടുമെത്തി. പക്ഷേ ഒറ്റക്കെട്ടായി സമരക്കാരും നാട്ടുകാരും അണിനിരന്നതോടെ പൊലീസ് അറസ്റ്റിലേക്ക് കടന്നു. കേരള കോണ്‍ഗ്രസ് നേതാക്കളായ ജോസഫ് എം പുതുശ്ശേരി, വി ജെ ലാലി എന്നിവര്‍ക്കും പൊലീസ് നടപടിയില്‍ പരിക്കേറ്റു . ഇരുപത്തിയഞ്ചോളം പേരെ അറസ്റ്റ് ചെയ്ത് നീക്കിയതിന് ശേഷമാണ് മാടപ്പള്ളിയിലെ ആദ്യത്തെ കല്ല് കെ റെയില്‍ ജീവനക്കാര്‍ സ്ഥാപിക്കാന്‍ സാധിച്ചത്.

Leave a comment

Your email address will not be published. Required fields are marked *