വിഡി സതീശന്റെ പാര്‍ട്ടിയായ കോണ്‍ഗ്രസ് ഭരിക്കുമ്ബോളാണ് കെഎസ്‌ഇബി ഏറ്റവും കൂടുതല്‍ പദ്ധതി അനുവദിച്ചതും തട്ടിപ്പ് നടത്തിയതുമെന്ന് മുന്‍ വൈദ്യുതി മന്ത്രി എംഎം മണി.
ആര്യാടന്‍ മുഹമ്മദ് വൈദ്യുതി വാങ്ങുന്നതിന് കരാര്‍വച്ച് കോടികളുടെ നഷ്ടം വരുത്തിയെന്നും അദ്ദേഹം പറഞ്ഞു. വേണമെങ്കില്‍ അന്വേഷണം നടത്തട്ടെയെന്നും തന്റെ കൈകള്‍ ശുദ്ധമാണെന്നും എംഎം മണി പറഞ്ഞു.
മുന്‍ ഇടതുസര്‍ക്കാറിന്റെ കാലത്ത് കെ.എസ്.ഇ.ബിയില്‍ നടന്നത് ഗുരുതര ക്രമക്കേടുകളാണെന്ന ചെയര്‍മാന്റെ ആരോപണത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ വൈദ്യുത വകുപ്പ് മന്ത്രി എം.എം മണി രംഗത്തെത്തിയിരുന്നു. വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ ഡോ.ബി.അശോകിന്റെ പ്രസ്താവന എന്തടിസ്ഥാനത്തിലാണെന്നറിയില്ലെന്ന് എം.എം. മണി പറഞ്ഞു. നിലവിലെ വൈദ്യുത മന്ത്രി കൃഷ്ണന്‍ കുട്ടി ചെയര്‍മാനെക്കൊണ്ട് പറയിച്ചതാണോ എന്ന് അന്വേഷിക്കണം. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷം കൂടുതല്‍ പ്രതികരണം നടത്തുമെന്നും സി.പി.എം സംസ്ഥാന സമിതി അംഗം കൂടിയായ എം.എം മണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തന്റെ കാലത്ത് പ്രതിസന്ധിയില്ലാതെ വൈദ്യുതി ബോര്‍ഡ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ വൈദ്യുതി ഭവനില്‍ സുരക്ഷാ സേനയെ നിയോഗിക്കേണ്ട നിലയിലെത്തിയിരിക്കുന്നു. നാലരവര്‍ഷമാണ് ഞാന്‍ മന്ത്രിയായത്. അത് കെ.എസ്.ഇ.ബിയുടെ സുവര്‍ണ കാലമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
എം.എം മണി വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് ഇടതു യൂണിയനുകള്‍ ബോര്‍ഡിന് കോടികളുടെ ബാധ്യതയുണ്ടാക്കുന്ന തീരുമാനത്തിന് കൂട്ടുനിന്നുവെന്നാണ് ചെയര്‍മാന്‍റെ പ്രധാന ആക്ഷേപം. ‘കടയ്ക്കു തീപിടിച്ചിട്ടില്ല; നാട്ടുകാര്‍ ഓടിവരേണ്ടതുമില്ല‘ എന്ന തലക്കെട്ടില്‍ കെ.എസ്.ബിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പിലാണ് മുന്‍ ഇടത് സര്‍ക്കാരിന്‍റെ കാലത്ത് ബോര്‍ഡില്‍ നടന്ന ക്രമക്കേടുകളെ കുറിച്ച് അദ്ദേഹം പറഞ്ഞത്. സര്‍ക്കാരിന്‍റ മുന്‍കൂര്‍ അനുമതി തേടാതെ 1200 കോടി അധിക ബാധ്യത വരുത്തുന്ന ശമ്ബള പരിഷ്‌കരണം നടപ്പിലാക്കിയത്. ടൂറിസം വികസനത്തിന് പല സൊസൈറ്റികള്‍ക്കും ബോര്‍ഡിന്റെ അനുമതിയോ സര്‍ക്കാര്‍ അനുമതിയോ ഇല്ലാതെ നൂറു കണക്കിന് ഏക്കര്‍ സ്ഥലം പാട്ടത്തിന് നല്‍കി. വൈദ്യുതി ഭവനില്‍ സംസ്ഥാന വ്യവസായ സുരക്ഷ സേനയെ നിയോഗിച്ചത് കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോ നിര്‍ദേശമനുസരിച്ചാണ്. അതിനെ പോലീസ് രാജ് എന്നു കുറ്റപ്പെടുത്തുന്നത് പരിഹാസ്യമാണെന്നും ചെയര്‍മാന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചിരുന്നു.
പുതിയ വിശദീകരണവുമായി ചെയര്‍മാന്‍
വിവാദത്തിനിടയില്‍ താന്‍ പറയാത്ത കാര്യങ്ങളാണ് പത്രവാര്‍ത്തയായി വന്നതെന്ന വിശദീകരണവുമായി കെ.എസ്.ഇ.ബി ചെയര്‍മാന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചെയര്‍മാന്‍ പുതിയ വിശദീകരണവുമായി എത്തിയത്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് അഴിമതി നടന്നെന്ന് പറഞ്ഞിട്ടില്ല. മൂന്നാറിലെ ഭൂമി പതിച്ചതായി പറഞ്ഞിട്ടില്ലെന്നും മൂന്നാം കക്ഷിക്ക് കൈമാറുമ്ബോള്‍ നടപടിക്രമം പാലിച്ചില്ല എന്നേ പറഞ്ഞൊള്ളൂ എന്നും ചെയര്‍മാന്‍ ഡോ.ബി.അശോക് ഫേസ്ബുക്കില്‍ കുറിച്ചു.
ചെയര്‍മാന്റെ വിശദീകരണ കുറിപ്പ് വായിക്കാം;
പ്രചാരണം വസ്തുതാവിരുദ്ധം. ഇന്നത്തെ ഒരു പ്രമുഖ പത്രത്തിലും ചില സമൂഹ മാധ്യമ പോസ്റ്റുകളിലും എന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയാത്ത കാര്യങ്ങളാണ് പരാമര്‍ശിച്ചിരിക്കുന്നത്. മൂന്നാറിലെ ഭൂമി പതിച്ചതായോ മുന്‍ സര്‍ക്കാരിന്റെ കാലത്തു അഴിമതി നടന്നെന്നോ എന്റെ പോസ്റ്റില്‍ പരാമര്‍ശമില്ല. ഭൂമി പാട്ടത്തിനു നല്‍കുമ്ബോള്‍, അഥവാ മൂന്നാം കക്ഷിക്ക് കൈമാറുമ്ബോള്‍ ബോര്‍ഡിനുള്ളില്‍ പാലിക്കേണ്ട ഭരണ നടപടി ക്രമം പാലിച്ചില്ല എന്നേ പറഞ്ഞുള്ളു. പോസ്റ്റുമായി മുന്‍ മന്ത്രിയെയോ സര്‍ക്കാരിനെയോ ബന്ധപ്പെടുത്തിയത് തെറ്റായിട്ടാണ്. പറഞ്ഞിട്ടില്ലാത്തത് ‘പറഞ്ഞതായി‘ പ്രചരിപ്പിക്കുന്നത് തെറ്റാണ്. അന്ന് ഊര്‍ജ്ജ സെക്രട്ടറിയായിരുന്ന ഞാനും സര്‍ക്കാരിന്റെ ഭാഗവും കാര്യങ്ങള്‍ അറിയുന്ന വ്യക്തിയുമാണ് എന്ന് സവിനയം ഓര്‍മ്മിപ്പിക്കുന്നു.
അതേസമയം, മുന്‍ മന്ത്രി എംഎം മണിക്ക് ദക്ഷിണാഫ്രിക്കയിലടക്കം നിക്ഷേപമുണ്ടെന്നും എംഎം മണിക്കും സഹോദരനും ശതകോടിയിലധികം ആസ്തിയുണ്ടെന്നും ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ പറഞ്ഞു. കെഎസ്‌ഇബി സംബന്ധിച്ച് പുറത്ത് വന്നിരിക്കുന്നത് മഞ്ഞു മലയുടെ അറ്റം മാത്രമാണെന്നും സര്‍ക്കാര്‍ ഖജനാവിന് വലിയ നഷ്ടം ഉണ്ടായ നടപടികളാണ് സ്വീകരിച്ചതെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. മന്ത്രിയെ നോക്കുകുത്തിയാക്കി സിഐടിയു ആണ് ഭരണം നടത്തുന്നതെന്നും പറഞ്ഞു. ബിജെപിക്ക് ഇത്തവണ 22 വനിതാ മണ്ഡലം പ്രസിഡന്റുമാരുണ്ടെന്ന് അദ്ദേഹം അറിയിച്ചു.