കൊല്ലം കൊട്ടിയത്തെ സ്വകാര്യ ടാർ മിക്സിങ് പ്ലാന്റിൽ നിന്നുയർന്ന വിഷപ്പുക ശ്വസിച്ച് സ്കൂൾ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യമുണ്ടായ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഇന്നലെ ഉച്ചയോടെ കൊട്ടിയം ഓക്സിലിയം ഐ.എസ്.സി സ്കൂളിലെ മുപ്പതിലധികം കുട്ടികൾക്കാണ് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. സംഭവത്തിൽ 15 ദിവസത്തിനകം വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീത ഉത്തരവിട്ടു. കൊല്ലം ജില്ലാ കലക്ടർ, മലിനീകരണ നിയന്ത്രണ ബോർഡ് എൻവയോൺമെന്റൽ എൻജിനീയർ, പഞ്ചായത്ത് സെക്രട്ടറി എന്നിവർക്കാണ് കമ്മീഷൻ നിർദേശം നൽകിയിരിക്കുന്നത്.
കൊട്ടിയം ചൂരൽ പൊയ്കയിൽ സ്കൂളിന് ഏകദേശം 250-300 മീറ്റർ മാത്രം അകലെ പ്രവർത്തിക്കുന്ന അസ്ഫാൽറ്റ് മിക്സിങ് പ്ലാന്റിൽ നിന്നാണ് രാവിലെ മുതൽ കട്ടിയുള്ള പുകയും രൂക്ഷഗന്ധവും ഉയർന്നത്. തലകറക്കം, ശ്വാസംമുട്ടൽ, ഛർദി, ചൊറിച്ചിൽ തുടങ്ങിയ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ട കുട്ടികളെ ഉടൻ തന്നെ കൊട്ടിയത്തെയും കൊല്ലത്തെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പല കുട്ടികൾക്കും ഓക്സിജൻ സഹായം ഉൾപ്പെടെ നൽകേണ്ടി വരികയും ചിലരെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. നേരത്തെ നാട്ടുകാരുടെ പരാതിയെത്തുടർന്ന് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകി പ്ലാന്റിന്റെ പ്രവർത്തനം നിർത്തിവച്ചിരുന്നെങ്കിലും, ഉടമകൾ കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടി വീണ്ടും പ്രവർത്തനം ആരംഭിക്കുകയായിരുന്നു.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ജില്ലാ കലക്ടർ ആനി ജൂലാ തോമസും അടിയന്തരമായി റിപ്പോർട്ട് തേടിയിട്ടുണ്ട്. ആരോഗ്യവകുപ്പ്, തഹസിൽദാർ, ജിയോളജി വിഭാഗം എന്നിവരോടാണ് കലക്ടർ വിശദീകരണം ആവശ്യപ്പെട്ടത്. കൂടാതെ, ജനവാസ മേഖലയ്ക്കും വിദ്യാലയത്തിനും ഭീഷണിയാകുന്ന രീതിയിൽ പ്രവർത്തിച്ച സ്ഥാപനത്തിനെതിരെ കൊട്ടിയം പൊലീസ് കേസെടുക്കുകയും ചെയ്തു. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും നിയമലംഘനം നടത്തിയ ഉദ്യോഗസ്ഥർക്കും പ്ലാന്റ് അധികൃതർക്കുമെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പ്രദേശവാസികളും വിവിധ യുവജന സംഘടനകളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.