Blog Post

Karanavars > News > Accident > ചേരാനല്ലൂർ വാഹനാപകടം: മുൻപും വാഹനമോടിച്ചെന്ന് ജഡ്ജിയുടെ മകന്റെ നിർണായക മൊഴി

ചേരാനല്ലൂർ വാഹനാപകടം: മുൻപും വാഹനമോടിച്ചെന്ന് ജഡ്ജിയുടെ മകന്റെ നിർണായക മൊഴി

ചേരാനല്ലൂരിൽ അഡീഷണൽ ജില്ലാ ജഡ്ജി റെനോ ഫ്രാൻസിസ് സേവ്യറിന്റെ പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച ആഡംബര കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ ജയബാലകൃഷ്ണൻ മരിച്ച സംഭവത്തിൽ അന്വേഷണസംഘത്തിന് നിർണായക മൊഴി ലഭിച്ചു. അപകടത്തിന് മുൻപും താൻ കാറും ബൈക്കും ഓടിച്ചിട്ടുണ്ടെന്ന് പ്രതിയായ പതിനേഴുകാരൻ ക്രൈംബ്രാഞ്ചിന് മുന്നിൽ സമ്മതിച്ചു. ബൈക്കുമായി സ്കൂളിൽ പോയിട്ടുണ്ടെന്നും കുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്.

കേസിൽ സോഷ്യൽ ബാക്ഗ്രൗണ്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് അന്വേഷണസംഘം ഇന്നലെ 17-കാരന്റെ മൊഴി വീണ്ടും രേഖപ്പെടുത്തിയത്. പിതാവിന്റെ സാന്നിധ്യമില്ലാതെ മൊഴിയെടുക്കാൻ പോലീസ് കോടതിയിൽ നിന്ന് പ്രത്യേക അനുമതി വാങ്ങിയിരുന്നു. പിതാവ് അറിയാതെയാണ് താൻ മുൻപ് വാഹനങ്ങൾ എടുത്ത് ഓടിച്ചിരുന്നതെന്നും മകൻ വാഹനമോടിച്ച വിവരം അച്ഛൻ അറിഞ്ഞിരുന്നില്ലെന്നുമാണ് പതിനേഴുകാരൻ മൊഴി നൽകിയിരിക്കുന്നത്. തയ്യാറാക്കിയ സോഷ്യൽ ബാക്ഗ്രൗണ്ട് റിപ്പോർട്ട് നാളെ കോടതിയിൽ ഹാജരാക്കും.

ആദ്യമായാണ് മകൻ വാഹനമോടിക്കുന്നതെന്നും തന്റെ അറിവോടെയല്ല കാറെടുത്തതെന്നുമായിരുന്നു പിതാവായ ജഡ്ജി നേരത്തെ അന്വേഷണസംഘത്തോട് വിശദീകരിച്ചിരുന്നത്. എന്നാൽ ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങളും സുരക്ഷാ ജീവനക്കാരന്റെ മൊഴിയും പ്രകാരം കുട്ടി മുൻപും വാഹനങ്ങൾ ഉപയോഗിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. പുതിയ മൊഴിയോടെ ജഡ്ജിയുടെ വാദങ്ങൾ ദുർബലമാകുകയാണ്.

കഴിഞ്ഞ ഒക്ടോബർ 25 ഞായറാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. തട്ടുകടയിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജയബാലകൃഷ്ണൻ സഞ്ചരിച്ച സ്കൂട്ടറിന് പിന്നിൽ മണിക്കൂറിൽ നൂറ് കിലോമീറ്ററിലധികം അമിതവേഗതയിലെത്തിയ ബെൻസ് കാർ ഇടിക്കുകയായിരുന്നു. മഴയത്ത് ഒരു കൈകൊണ്ട് സ്റ്റിയറിങ് പിടിച്ചും മറുകൈകൊണ്ട് മൊബൈൽ ഫോണിൽ സ്പീഡോമീറ്ററിന്റെ ദൃശ്യങ്ങൾ പകർത്തിയുമാണ് 17-കാരൻ വാഹനമോടിച്ചതെന്ന് കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ മക്കൾ കോടതിയിൽ നൽകിയ ഹർജിയിൽ ആരോപിച്ചിരുന്നു. കേസിൽ പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്നലെ സർക്കാരിന് നോട്ടീസ് അയച്ചിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *