Blog Post

Karanavars > News > Keralam > കേരളത്തിൽ മഴ തുടരും; ഇന്ന് അലർട്ടില്ല, പുതിയ മുന്നറിയിപ്പ് ഇങ്ങനെ!

കേരളത്തിൽ മഴ തുടരും; ഇന്ന് അലർട്ടില്ല, പുതിയ മുന്നറിയിപ്പ് ഇങ്ങനെ!

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ നേരിയതോ ഇടത്തരമോ ആയ മഴയ്ക്ക് സാധ്യത. എന്നാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ മുന്നറിയിപ്പ് പ്രകാരം ഇന്ന് കേരളത്തിൽ ഒരു ജില്ലയിലും പ്രത്യേക മഴ അലർട്ട് പ്രഖ്യാപിച്ചിട്ടില്ല. നവംബർ 13 മുതൽ 19 വരെയുള്ള ദിവസങ്ങളിലും സംസ്ഥാനത്തിന് പ്രത്യേക മഴ മുന്നറിയിപ്പുകളില്ലെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. അതേസമയം, ചില പ്രദേശങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത നിലനിൽക്കുന്നുണ്ട്. ശക്തമായ മഴയ്ക്കുള്ള പ്രത്യേക മുന്നറിയിപ്പില്ലെങ്കിലും കാലാവസ്ഥയിൽ പ്രാദേശികമായി മാറ്റങ്ങളുണ്ടാകാം.

ഇന്നലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്തായിരുന്നു മുന്നറിയിപ്പ്. എന്നാൽ ഇന്നത്തെ പുതിയ റിപ്പോർട്ടിൽ ഈ ജില്ലകളിലടക്കം പ്രത്യേക അലർട്ടുകളൊന്നുമില്ല. 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. മഴയുടെ തീവ്രതയിൽ മാറ്റമുണ്ടായാൽ മുന്നറിയിപ്പുകളും പുതുക്കാൻ സാധ്യതയുണ്ട്.

കേരളത്തിന്റെ വടക്കൻ, തെക്കൻ തീരപ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ തീരദേശ കാലാവസ്ഥാ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തീരപ്രദേശങ്ങളിൽ വടക്കുകിഴക്ക്, കിഴക്ക് ദിശകളിൽനിന്ന് 10 മുതൽ 15 നോട്ട് വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. അതേസമയം, കേരളത്തിലെ തുറമുഖങ്ങൾക്ക് പ്രത്യേക അപകടസൂചന നൽകിയിട്ടില്ല. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പുതിയ കാലാവസ്ഥാ അറിയിപ്പുകൾ ശ്രദ്ധിക്കേണ്ടതാണ്.

Leave a comment

Your email address will not be published. Required fields are marked *