സ്പൈനൽ മസ്കുലാർ അട്രോഫി (SMA) ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന പിഞ്ചുകുഞ്ഞുങ്ങളുടെ ജീവൻ രക്ഷാ ചികിത്സയ്ക്കായി സമാഹരിച്ച തുകയിൽ വൻ തട്ടിപ്പ്. സംഭവത്തിൽ ശ്രീലക്ഷ്മി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ നൈസാമിനെ മുക്കം പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തു.
കുട്ടികളുടെ ജീവൻ രക്ഷാ ചികിത്സയ്ക്കായി സുമനസ്സുകൾ നൽകുന്ന സഹായധനം അർഹരായവരുടെ അക്കൗണ്ടിലേക്ക് എത്തുന്നതിന് പകരം, പ്രതി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. ചികിത്സാ സഹായത്തിനായി നൽകേണ്ട ക്യു.ആർ. കോഡിന് പകരം തന്റെ പേഴ്സണൽ അക്കൗണ്ടുമായി ബന്ധിപ്പിച്ച ക്യു.ആർ. കോഡ് ഉൾപ്പെടുത്തിയാണ് ഇയാൾ പണം തട്ടിയെടുത്തത്. ഇതുവരെ പത്ത് ലക്ഷത്തിലധികം രൂപ ഇത്തരത്തിൽ പ്രതിയുടെ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായാണ് പുറത്തുവരുന്ന വിവരം.
നാടൊന്നാകെ ഒത്തൊരുമിച്ച് പണം സമാഹരിക്കുന്നതിനിടെ ചാരിറ്റിയുടെ മറവിൽ നടന്ന ഈ വഞ്ചന പൊതുസമൂഹത്തിൽ വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. ട്രസ്റ്റിലെ ജീവനക്കാരുടെ പരാതിയെ തുടർന്നാണ് തട്ടിപ്പ് പുറത്തുവന്നതും തുടർനടപടികൾ ഉണ്ടായതും. നൈസാം സമാനമായ രീതിയിൽ മറ്റ് കിടപ്പുരോഗികളുടെയും നിർധനരായ വിദ്യാർത്ഥികളുടെയും പേരിൽ വ്യാജ ഫണ്ട് സമാഹരണം നടത്തിയിട്ടുണ്ടോ എന്ന് പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. പ്രതിയുടെ സാമ്പത്തിക ഇടപാടുകളും കൂടുതൽ പരാതികളും വരും ദിവസങ്ങളിൽ പൊലീസ് പരിശോധിക്കും.
ഈ തട്ടിപ്പിന് പുറമെ, എസ്.എം.എ ബാധിതരായ കുട്ടികളുടെ ചികിത്സയ്ക്കായി ആവശ്യമായ ഫണ്ട് പൂർത്തിയായെന്ന തരത്തിലുള്ള വ്യാജ സന്ദേശങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത് യഥാർത്ഥ ചികിത്സാ നിധിയിലേക്കുള്ള സഹായങ്ങൾ ഗണ്യമായി കുറയാൻ കാരണമായതായി ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വ്യക്തമാക്കി. അർഹരായ കുഞ്ഞുങ്ങൾക്ക് കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കാൻ ജനങ്ങൾ ഇത്തരം വ്യാജപ്രചാരണങ്ങളെ അവഗണിച്ച് സഹായഹസ്തം നീട്ടണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.