കേന്ദ്രസർക്കാർ പദ്ധതികളുടെ ധനസഹായ വിതരണത്തിന് ഇനി ആധാർ നമ്പറുകൾ മാത്രം ആധാരമാക്കില്ലെന്നും, പകരം ഗുണഭോക്താക്കളുടെ ബയോമെട്രിക് വിവരങ്ങളും വോട്ടർ ഐഡി (EPIC) നമ്പറും അടിസ്ഥാനമാക്കി പണം കൈമാറുന്ന പുതിയ സംവിധാനം നടപ്പിലാക്കുമെന്നും കേന്ദ്ര മന്ത്രി രാജീവ് രഞ്ജൻ സിംഗ് വ്യക്തമാക്കി. പഞ്ചായത്തീരാജ് മന്ത്രാലയം സംഘടിപ്പിച്ച ‘പീപ്പിൾസ് പ്ലാൻ കാമ്പയിൻ 2026-27’ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് മന്ത്രി സുപ്രധാനമായ ഈ പ്രഖ്യാപനം നടത്തിയത്. രാജ്യത്ത് വ്യാജ ആധാർ കാർഡുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്റെ ഈ നീക്കം. ആധാർ എൻറോൾമെന്റ് കേന്ദ്രങ്ങൾ ഇന്ന് രാജ്യത്തിന്റെ എല്ലാ കോണുകളിലും ലഭ്യമാണെന്നും, ആരുടെ പേര് നൽകിയാലും മിനിറ്റുകൾക്കുള്ളിൽ ആധാർ കാർഡ് നിർമ്മിച്ച് നൽകുന്ന സ്ഥിതി ഉണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അതിനാലാണ് ഇനി മുതൽ ആധാർ മാത്രം അടിസ്ഥാനമാക്കിയുള്ള പണം കൈമാറ്റം അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
നിലവിൽ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (VB-G RAM G), പി.എം-കിസാൻ, പ്രധാൻ മന്ത്രി ആവാസ് യോജന (ഗ്രാമീൺ), വാർദ്ധക്യ-വിധവാ-ഭിന്നശേഷി പെൻഷനുകൾ ഉൾപ്പെടുന്ന നാഷണൽ സോഷ്യൽ അസിസ്റ്റൻസ് പ്രോഗ്രാം എന്നിവയിലെല്ലാം ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നത്. പുതിയ ഉത്തരവ് വരുന്നതോടെ ഇതിലെല്ലാം ബയോമെട്രിക് പരിശോധനയും വോട്ടർ ഐഡി പരിശോധനയും കർശനമാകും.
ഇതിനുപുറമെ, പഞ്ചായത്തുകൾക്കുള്ള കേന്ദ്ര ഗ്രാന്റുകൾക്കും പെർഫോമൻസ് ഗ്രാന്റുകൾക്കും അർഹത നേടുന്നതിന് ഗ്രാമപഞ്ചായത്തുകൾ തങ്ങളുടെ സ്വന്തം വരുമാന സ്രോതസ്സുകൾ വർദ്ധിപ്പിക്കേണ്ടതുണ്ടെന്നും കേന്ദ്രമന്ത്രി ഓർമ്മിപ്പിച്ചു. വ്യാജ ഗുണഭോക്താക്കളെ തടയുന്നതിനും യഥാർത്ഥ അർഹരായവർക്ക് കൃത്യമായി പണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമാണ് ഈ സുപ്രധാന പരിഷ്കാരം കേന്ദ്രസർക്കാർ നടപ്പിലാക്കുന്നത്.