ആയിരക്കണക്കിന് നിക്ഷേപകരെ പറ്റിച്ച് കോടികളുടെ തട്ടിപ്പ് നടത്തിയ ഭാരത് ലജ്ന മൾട്ടി സ്റ്റേറ്റ് ഹൗസിങ് കോഓപറേറ്റീവ് സൊസൈറ്റി (ബി.എൽ.എം) സാമ്പത്തിക കേസിലും സ്ഥാപക ചെയർമാൻ ആർ. പ്രേംകുമാറിനെതിരെയുമുള്ള അന്വേഷണം ശക്തമാക്കി കേന്ദ്ര ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കേസിന്റെ ഭാഗമായി ഇന്ന് രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള 10 പ്രമുഖ കേന്ദ്രങ്ങളിൽ ഇ.ഡി മിന്നൽ പരിശോധന നടത്തി.
ചെന്നൈയിലെ ബി.എൽ.എം കോഓപറേറ്റീവ് സൊസൈറ്റി ആസ്ഥാനം ഉൾപ്പെടെ തമിഴ്‌നാട്ടിലെയും കേരളത്തിലെയും ഓഫീസുകളിലും പ്രേംകുമാറുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലുമാണ് പരിശോധന നടന്നത്. ചെന്നൈ, കോയമ്പത്തൂർ, കൊച്ചി, കോഴിക്കോട് അടക്കമുള്ള 10 സ്ഥലങ്ങളിലാണ് പരിശോധന ഏകോപിപ്പിച്ചത്. സൊസൈറ്റിയുടെ മറവിൽ നിക്ഷേപകരിൽ നിന്നും കോടിക്കണക്കിന് രൂപ തട്ടിയെടുത്തുവെന്ന പരാതിയിലാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോർട്ട് അടിസ്ഥാനമാക്കി ഇ.ഡി കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം അന്വേഷണം ഏറ്റെടുത്തത്.
തട്ടിപ്പിന്റെ വ്യാപ്തി 5000 കോടി രൂപ കവിയുമെന്നാണ് പരാതിക്കാർ ആരോപിക്കുന്നത്. ഉയർന്ന പലിശ വാഗ്ദാനം ചെയ്താണ് സൊസൈറ്റിയുടെ വിവിധ ബ്രാഞ്ചുകൾ വഴി സാധാരണക്കാരിൽ നിന്ന് നിക്ഷേപം സ്വീകരിച്ചിരുന്നത്. എന്നാൽ, സൊസൈറ്റിയുടെ ഫണ്ട് ഉപയോഗിച്ച് ചെയർമാൻ ആർ. പ്രേംകുമാറും സംഘവും തിരുവനന്തപുരത്തെ ആഡംബര ഹോട്ടലുകൾ, തൃശൂരിലെ രാഗം തിയറ്റർ, മൂന്നാറിലെ റിസോർട്ടുകൾ എന്നിവ സ്വന്തമാക്കുകയും മറ്റ് സ്വകാര്യ ബിസിനസുകളിലേക്ക് വകമാറ്റുകയും ചെയ്തുവെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
തമിഴ്‌നാട്, പോണ്ടിച്ചേരി, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലായി ബി.എൽ.എമ്മിന് വ്യാപിച്ച് കിടക്കുന്ന വലിയ ശൃംഖല തന്നെയുണ്ട്. കേരളത്തിൽ മാത്രം സൊസൈറ്റിക്ക് 130-ലേറെ ശാഖകളാണ് പ്രവർത്തിച്ചിരുന്നത്. തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നേരത്തെ ക്രൈംബ്രാഞ്ച് ആർ. പ്രേംകുമാറിനെ കസ്റ്റഡിയിൽ എടുത്തിരുന്നു. കേസിൽ കള്ളപ്പണ ഇടപാടുകളും ബിനാമി നിക്ഷേപങ്ങളും തടയുന്നതിന്റെ ഭാഗമായാണ് ഇന്ന് ഇ.ഡി പരിശോധന ശക്തമാക്കിയത്. റെയ്ഡിൽ നിർണായക രേഖകളും ഡിജിറ്റൽ തെളിവുകളും ഇ.ഡി പിടിച്ചെടുത്തതായാണ് ലഭിക്കുന്ന സൂചന. കേസിൽ പ്രേംകുമാറിനെയും മറ്റ് ഭാരവാഹികളെയും കൂടുതൽ ചോദ്യാചെയ്യിലിനായി ഇ.ഡി ഉടൻ കസ്റ്റഡിയിൽ വാങ്ങിയേക്കും.