Blog Post

Karanavars > News > Accident > ചേരാനല്ലൂർ അപകടം : ജഡ്ജിയുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പോലീസ് കോടതിയിൽ

ചേരാനല്ലൂർ അപകടം : ജഡ്ജിയുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പോലീസ് കോടതിയിൽ

ചേരാനല്ലൂരിൽ 17-കാരൻ ഓടിച്ച ആഡംബര ബെൻസ് കാറിടിച്ച് തട്ടുകടയുടമ ജയബാലകൃഷ്ണൻ മരിച്ച സംഭവത്തിൽ കേസ് കൂടുതൽ നിർണായക ഘട്ടത്തിലേക്ക്. രണ്ടാം പ്രതിയും വാഹന ഉടമയുമായ അഡീഷണൽ ജില്ലാ ജഡ്ജി ടി. റിനോ ഫ്രാൻസിസ് സേവ്യറിന്റെ മുൻകൂർ ജാമ്യാപേക്ഷയെ ശക്തിയായി എതിർത്ത് പോലീസ് കോടതിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. പ്രതി സ്വാധീനമുള്ള വ്യക്തിയായതിനാൽ ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന നിലപാടിലാണ് അന്വേഷണസംഘം.

ഇന്നലെ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ജഡ്ജിക്കെതിരെ ബി.എൻ.എസ് 238 പ്രകാരം തെളിവ് നശിപ്പിക്കൽ കുറ്റം കൂടി ചുമത്തി കോടതിയിൽ പുതിയ റിപ്പോർട്ട് നൽകി. അപകടത്തിനുശേഷം മകനെ രക്ഷിക്കാനും കേസ് അട്ടിമറിക്കാനും ജഡ്ജി സ്വാധീനം ഉപയോഗിച്ചെന്ന ആരോപണത്തിൽ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. 17-കാരന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നീക്കം ചെയ്തതിലും ഫോണിലെ ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞതിലും ജഡ്ജിക്ക് പങ്കുണ്ടോ എന്നാണ് പോലീസ് പ്രധാനമായും പരിശോധിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ പോലീസും ക്രൈംബ്രാഞ്ചും ജഡ്ജിയുടെ ആലുവയിലെ ഫ്ലാറ്റിലെത്തി മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും അവിടുന്ന് ആഡംബര ബൈക്കും ഡിജിറ്റൽ തെളിവുകളും കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. മകൻ വാഹനം ഓടിച്ചിരുന്നത് തന്റെ അറിവോടെയല്ലെന്നാണ് ജഡ്ജി മൊഴി നൽകിയതെങ്കിലും, പ്രായപൂർത്തിയാകാത്ത മകന് വാഹനം നൽകിയതിന് മോട്ടോർ വാഹന നിയമത്തിലെ 199 എ വകുപ്പ് പ്രകാരമാണ് അദ്ദേഹത്തിനെതിരെ കേസെടുത്തിട്ടുള്ളത്.

സംഭവത്തിൽ ചേരാനല്ലൂർ പോലീസ് സ്റ്റേഷനിൽ ജഡ്ജി നേരിട്ടെത്തിയത് ഔദ്യോഗിക പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് പോർട്ട്ഫോളിയോ ജഡ്ജി ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ജഡ്ജിക്കെതിരെ സസ്പെൻഷൻ നടപടിയടക്കം കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബം ഹൈക്കോടതി രജിസ്ട്രാറെ സമീപിച്ചിരിക്കുകയാണ്. ചേരാനല്ലൂർ സ്റ്റേഷനിലെ നാല് പൊലീസുകാരെ സസ്പെൻഡ് ചെയ്യുകയും കൊച്ചി സിറ്റി പോലീസ് കമ്മീഷണറെ മാറ്റുകയും ചെയ്തതോടെ അന്വേഷണം കൂടുതൽ സുതാര്യമായി പുരോഗമിക്കുകയാണ്.

Leave a comment

Your email address will not be published. Required fields are marked *