Blog Post

Karanavars > News > Keralam >  കേരളത്തിൽ വടക്കൻ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്: വരും മണിക്കൂറുകളിൽ ശക്തമായ മഴയ്ക്ക് സാധ്യത

 കേരളത്തിൽ വടക്കൻ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്: വരും മണിക്കൂറുകളിൽ ശക്തമായ മഴയ്ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെയും അന്തരീക്ഷ മാറ്റങ്ങളുടെയും പശ്ചാത്തലത്തിൽ വടക്കൻ കേരളത്തിൽ ഇന്ന് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ആറ് വടക്കൻ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് വടക്കൻ ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.

കഴിഞ്ഞദിവസം തെക്കൻ കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ നേരിയ തോതിൽ മഴ ലഭിച്ചിരുന്നു. വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ തുടരാനാണ് സാധ്യത. നാളെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും വരും ദിവസങ്ങളിൽ പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

മലയോര മേഖലകളിലും നദിക്കരകളിലും താമസിക്കുന്നവർ കൂടുതൽ ജാഗ്രത പുലർത്തണം. ശക്തമായ കാറ്റും ഇടിമിന്നലും ഉള്ള സമയങ്ങളിൽ തുറസ്സായ സ്ഥലങ്ങളിൽ നിൽക്കരുതെന്നും സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറണമെന്നും അധികൃതർ ഓർമ്മിപ്പിക്കുന്നു. മോശം കാലാവസ്ഥയും ശക്തമായ കാറ്റും പ്രതീക്ഷിക്കുന്നതിനാൽ കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ ജാഗ്രതാ നിർദേശങ്ങൾ പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

Leave a comment

Your email address will not be published. Required fields are marked *