കെഎസ്ആർടിസിയിലെ വിരമിച്ച ജീവനക്കാരുടെ പെൻഷൻ പരിഷ്കരിക്കണമെന്ന ഹൈക്കോടതി നിർദ്ദേശം തള്ളി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. നിലവിലെ കടുത്ത സാമ്പത്തിക ബാധ്യതയും പ്രതിസന്ധിയും കണക്കിലെടുത്ത് പെൻഷൻ തുക വർധിപ്പിക്കാൻ സാധിക്കില്ലെന്ന് വ്യക്തമാക്കി ഇന്ന് ഗതാഗത വകുപ്പാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
കെഎസ്ആർടിസിയുടെ ദൈനംദിന ചെലവുകളും നിലവിലെ പെൻഷൻ വിതരണവും പോലും വലിയ സാമ്പത്തിക ബാധ്യത വരുത്തിവെയ്ക്കുന്ന സാഹചര്യത്തിലാണെന്നാണ് സർക്കാരിന്റെ വിശദീകരണം. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെത്തുടർന്നാണ് വിഷയം സർക്കാർ പുനഃപരിശോധിച്ചത്. എന്നാൽ കോർപ്പറേഷന്റെയും സർക്കാരിന്റെയും സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് പെൻഷൻ കൂട്ടാൻ വഴിയില്ലെന്ന് സർക്കാർ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ 13 വർഷത്തിലേറെയായി കെഎസ്ആർടിസിയിൽ പെൻഷൻ പരിഷ്കരണം നടപ്പാക്കിയിട്ടില്ലെന്നാണ് പെൻഷനേഴ്സ് സംഘടനകൾ പറയുന്നത്. ശമ്പള പരിഷ്കരണത്തിന് ആനുപാതികമായി പെൻഷനും വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് പെൻഷൻ സംഘടനകൾ സമർപ്പിച്ച ഹർജിയിലായിരുന്നു നേരത്തെ ഹൈക്കോടതി അനുകൂല തീരുമാനം എടുത്തത്. സർക്കാരിന്റെ പുതിയ നിലപാടിനെതിരെ ശക്തമായ നിയമപോരാട്ടത്തിനും പ്രക്ഷോഭങ്ങൾക്കും ഒരുങ്ങുകയാണ് കെഎസ്ആർടിസി പെൻഷനേഴ്സ് ഓർഗനൈസേഷനുകൾ.