Blog Post

Karanavars > News > GlobalDisaster > ഭൂട്ടാനിൽ ഹിമതടാകം പൊട്ടി; അസമിലും ബംഗാളിലും പ്രളയഭീതി

ഭൂട്ടാനിൽ ഹിമതടാകം പൊട്ടി; അസമിലും ബംഗാളിലും പ്രളയഭീതി

ഭൂട്ടാനിലെ വടക്കുപടിഞ്ഞാറൻ മേഖലയായ ഗാസ ജില്ലയിലെ ഷിന്റാഫു ഹിമതടാകം പൊട്ടിയതിനെത്തുടർന്ന് വടക്കുകിഴക്കൻ ഇന്ത്യൻ സംസ്ഥാനങ്ങളിൽ വൻ പ്രളയഭീതി. ഇന്നലെ രാത്രിയോടെയാണ് അപകടകരമായ നിലയിലുള്ള ഈ ഹിമതടാകത്തിന്റ സ്വാഭാവിക ചിറ തകർന്ന് ലക്ഷക്കണക്കിന് ഘനമീറ്റർ വെള്ളം താഴേക്ക് കുത്തിയൊഴുകാൻ തുടങ്ങിയത്. ഹിമതടാകത്തിലെ വെള്ളം ഭൂട്ടാനിലെ മോച്ചു നദിയിലൂടെ അതിവേഗം താഴേക്ക് ഒഴുകിയെത്തുന്നത് സങ്കോഷ് നദിയിലേക്കാണ്. ഇതോടെ അതിർത്തിയോട് ചേർന്നുകിടക്കുന്ന ഇന്ത്യയിലെ അസം, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലെ നദീതീരങ്ങളിൽ വെള്ളപ്പൊക്ക സാധ്യത അതിരൂക്ഷമായിരിക്കുകയാണ്. സാഹചര്യം നേരിടാൻ ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനകൾ (എൻ.ഡി.ആർ.എഫ്) രംഗത്തിറങ്ങിക്കഴിഞ്ഞു.

ഇന്നു രാവിലെ നദീതീരവാസികൾക്ക് പശ്ചിമ ബംഗാൾ വനംവകുപ്പ് മന്ത്രി മനോജ് കുമാർ ഓറാം പ്രത്യേക മുന്നറിയിപ്പ് സന്ദേശം നൽകി. സങ്കോഷ് നദിയുടെ കരകളിൽ താമസിക്കുന്ന ജനങ്ങൾ എത്രയും വേഗം വീടുകൾ ഒഴിഞ്ഞ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആളപായം ഒഴിവാക്കാൻ ഭരണകൂടവും പോലീസും പ്രദേശത്ത് മൈക്ക് പ്രചാരണവും രക്ഷാപ്രവർത്തനവും ഊർജിതമാക്കിയിട്ടുണ്ട്.

അസമിലെ ധൂബ്രി, കൊക്രാജാർ ജില്ലകളിലും പശ്ചിമ ബംഗാളിലെ അലിപ്പൂർദ്വാർ, കൂച്ച് ബിഹാർ, ഡാർജിലിംഗ് ജില്ലകളിലുമാണ് റെഡ് അലർട്ടിന് സമാനമായ ജാഗ്രതാ നിർദേശം നിലനിൽക്കുന്നത്. ഭൂട്ടാനിൽ നദീതീരങ്ങളിൽ നിന്ന് ആളുകളെ നേരത്തെ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചതിനാൽ ഇതുവരെയും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

നിലവിൽ പ്രളയസാഹചര്യം നിയന്ത്രണവിധേയമാണെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഭൂട്ടാൻ ഭരണകൂടവും ഇന്ത്യൻ സംസ്ഥാന സർക്കാരുകളും വ്യക്തമാക്കി. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അടിയന്തര സാഹചര്യങ്ങൾ നേരിടാൻ എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായിട്ടുണ്ടെന്നും ഇരുരാജ്യങ്ങളിലെയും കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥർ അറിയിച്ചു.

Leave a comment

Your email address will not be published. Required fields are marked *