Blog Post

Karanavars > News > Keralam > കേരളത്തിൽ പെയ്തിറങ്ങുന്നത് തീവ്രമഴ; 10 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് 

കേരളത്തിൽ പെയ്തിറങ്ങുന്നത് തീവ്രമഴ; 10 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് 

സംസ്ഥാനത്ത് തുലാവർഷം ശക്തമാകുന്ന സാഹചര്യത്തിൽ ഇന്ന് തെക്കൻ, മധ്യ കേരളത്തിലും മലയോര മേഖലകളിലും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഡയറക്ടർ മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ 10 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ ജില്ലകളായ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിൽ ഇന്ന് യെല്ലോ അലർട്ടും നിലവിലുണ്ട്.

ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും രൂപപ്പെട്ട അന്തരീക്ഷ ചുഴിയും ന്യൂനമർദ്ദ സാന്നിധ്യവുമാണ് മഴ പെട്ടെന്ന് കനക്കാൻ കാരണം. അടുത്ത 24 മണിക്കൂറിൽ 115.6 മില്ലീമീറ്റർ മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. വരും ദിവസങ്ങളിലും മഴയുടെ തീവ്രത തുടരാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ പ്രകൃതിദുരന്ത സാധ്യതയുള്ള മലയോര പ്രദേശങ്ങളിലും നദീതീരങ്ങളിലും താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.

കനത്ത മഴ കണക്കിലെടുത്ത് മലയോര മേഖലകളിലേക്കുള്ള വിനോദയാത്രകളും രാത്രികാല യാത്രകളും പൂർണ്ണമായും ഒഴിവാക്കാനും ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. മോശം കാലാവസ്ഥയ്ക്കും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ തിങ്കളാഴ്ച വരെ മീൻപിടുത്തത്തിന് പൂർണ്ണ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് സമുദ്രസ്ഥിതി പഠനകേന്ദ്രം മുന്നറിയിപ്പ് നൽകി. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ താലൂക്ക്, ജില്ലാ കേന്ദ്രങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *