കേരളത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂർ ചുമതലയേറ്റതിന് പിന്നാലെ ലോക്ഭവനിൽ (രാജ്ഭവൻ) മാംസാഹാരത്തിന് പൂർണ്ണ വിലക്കേർപ്പെടുത്തി എന്ന വാർത്തകളിൽ വ്യക്തത വരുത്തി അധികൃതർ. ലോക്ഭവനിൽ ജീവനക്കാർക്കോ മറ്റുള്ളവർക്കോ പുറത്തുനിന്നുള്ള സസ്യേതര ഭക്ഷണം കൊണ്ടുവന്നു കഴിക്കുന്നതിന് യാതൊരുവിധ നിരോധനവുമില്ലെന്ന് ലോക്ഭവൻ വൃത്തങ്ങൾ ഇന്നലെ വ്യക്തമാക്കി.
പുതിയ ഗവർണർ ഓം പ്രകാശ് മാഥൂർ സസ്യാഹാരിയായതിനാൽ അദ്ദേഹത്തിന്റെ വ്യക്തിപരമായ ഭക്ഷണക്രമവും സന്ദർശകർക്കായി അടുക്കളയിൽ പാകം ചെയ്യുന്ന ഭക്ഷണവും മാത്രമാണ് സസ്യാഹാരമാക്കാൻ നിർദേശിച്ചത്. തുടർന്നാണ് ലോക്ഭവനിൽ മാംസാഹാരം പൂർണ്ണമായി നിരോധിച്ചു എന്ന രീതിയിൽ വാദപ്രതിവാദങ്ങൾ ഉയർന്നത്. കഴിഞ്ഞ ദിവസം പുതിയ ഗവർണർ ചുമതലയേൽക്കുന്നതിന് മുന്നോടിയായാണ് ലോക്ഭവനിലെ അടുക്കളയിൽ നിന്ന് മാംസവിഭവങ്ങൾ ഒഴിവാക്കാൻ തീരുമാനമായത്. എന്നാൽ, ജീവനക്കാരുടെയോ അതിഥികളുടെയോ വ്യക്തിപരമായ ഭക്ഷണസ്വാതന്ത്ര്യത്തിൽ യാതൊരു തരത്തിലുള്ള കടന്നുകയറ്റവും ഉണ്ടായിട്ടില്ലെന്നും, മുൻപത്തെപ്പോലെ തന്നെ സസ്യേതര ഭക്ഷണങ്ങൾ ഉപയോഗിക്കാൻ നിയന്ത്രണമില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.
വിഷയം വലിയ രാഷ്ട്രീയ തലങ്ങളിലേക്ക് വ്യാപിച്ചതോടെയാണ് ഔദ്യോഗിക പ്രതികരണം പുറത്തുവന്നത്. എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ, സി.പി.എം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ എന്നിവർ ഗവർണറുടെ സസ്യാഹാര തീരുമാനത്തിനെതിരെ ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു. വ്യക്തിസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് ഇതെന്നായിരുന്നു പ്രതിപക്ഷ നേതാക്കളുടെ പ്രധാന ആരോപണം. അതേസമയം, ഗവർണറുടെ ഔദ്യോഗിക താമസസ്ഥലത്തെയും വ്യക്തിപരമായ ഭക്ഷണക്രമത്തെയും മുൻനിർത്തിയുള്ള സ ക്രമീകരണങ്ങൾ മാത്രമാണ് അടുക്കളയിൽ നടത്തിയിട്ടുള്ളതെന്നും, അനാവശ്യ വിവാദങ്ങളിലേക്ക് ഇതിനെ വലിച്ചിഴക്കേണ്ടതില്ലെന്നും രാജ്ഭവനുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.