തട്ടിക്കൊണ്ടുപോകൽ പരാതിയിൽ അന്വേഷണം നടത്തുന്നതിനിടെ കൊല്ലത്ത് വൻ കള്ളനോട്ട് നിർമാണ കേന്ദ്രം കണ്ടെത്തി പൊലീസിന്റെ അപ്രതീക്ഷിത നീക്കം. വാടി കല്ലേലിവയൽ പുരയിടം സ്വദേശിയായ യുവാവിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് രണ്ടരക്കോടി രൂപയുടെ കള്ളനോട്ടുകൾ നിർമിക്കാനുള്ള സാമഗ്രികളും അച്ചടി യന്ത്രങ്ങളും 43 പവൻ സ്വർണാഭരണങ്ങളും പിടിച്ചെടുത്തത്. കൊല്ലം സിറ്റി പൊലീസും ഡാൻസാഫ് (DANSAF) സംഘവും സംയുക്തമായി നടത്തിയ റെയ്ഡിലാണ് വൻ കള്ളനോട്ട് അച്ചടി കേന്ദ്രത്തിന്റെ ചുരുളഴിഞ്ഞത്.
ഇക്കഴിഞ്ഞ ഒക്ടോബർ 16-നാണ് യുവാവിനെ കാണാനില്ലെന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകുന്നത്. ആദർശ് എന്നയാൾ തന്നെ വിളിച്ച് വരുത്തിയ ശേഷം തട്ടിക്കൊണ്ടുപോയെന്നായിരുന്നു പരാതിക്ക് പിന്നാലെ തിരികെയെത്തിയ ഇയാൾ പൊലീസിനോട് വെളിപ്പെടുത്തിയത്. എന്നാൽ തട്ടിക്കൊണ്ടുപോയ സംഘത്തിൽ നിന്ന് താൻ വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നുവെന്ന് ഇയാൾ അവകാശപ്പെട്ടെങ്കിലും മൊഴിയിലെ വൈരുധ്യങ്ങൾ പൊലീസിൽ സംശയം ജനിപ്പിച്ചു. ഹവാല, സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തർക്കങ്ങളാണോ സംഭവത്തിന് പിന്നിലെന്ന സംശയത്തിൽ പൊലീസ് അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു.
തുടർന്ന് ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി നടത്തിയ പരിശോധനയിലാണ് വീട്ടിൽ കള്ളനോട്ട് നിർമാണ യൂണിറ്റ് പ്രവർത്തിച്ചിരുന്നതായി കണ്ടെത്തിയത്. ഡിജിറ്റൽ പ്രിന്ററുകൾ, 500 രൂപ നോട്ടുകളുടെ സുരക്ഷാ സ്റ്റിക്കറുകൾ, വാട്ടർമാർക്ക് പേപ്പറുകൾ, നോട്ട് എണ്ണുന്ന യന്ത്രം എന്നിവയ്ക്ക് പുറമെ ലക്ഷക്കണക്കിന് രൂപ മതിപ്പുവരുന്ന സ്വർണാഭരണങ്ങളും കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ ഉൾപ്പെട്ടയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
രവി എന്നയാളാണ് കള്ളനോട്ട് അച്ചടിക്കാനാവശ്യമായ സാമഗ്രികൾ എത്തിച്ചുനൽകിയതെന്നാണ് പ്രാഥമിക വിവരങ്ങൾ നൽകുന്ന സൂചന. കള്ളനോട്ട് ശൃംഖലയിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നും ഇവർ നിർമിച്ച വ്യാജ നോട്ടുകൾ വിപണിയിൽ എത്തിച്ചിട്ടുണ്ടോ എന്നും പൊലീസ് പരിശോധിച്ചുവരികയാണ്. തട്ടിക്കൊണ്ടുപോകൽ നാടകം കള്ളനോട്ട് അച്ചടി സംഘങ്ങൾ തമ്മിലുള്ള സാമ്പത്തിക തർക്കത്തിന്റെ ഭാഗമാണോ എന്നും അന്വേഷണ സംഘം സൂക്ഷ്മമായി പരിശോധിച്ച് വരികയാണ്.