രാജ്യത്ത് വർധിച്ചുവരുന്ന വ്യാജ ഓൺലൈൻ തട്ടിപ്പുകൾക്കും സാമ്പത്തിക കുറ്റകൃത്യങ്ങൾക്കും തടയിടാൻ മെസേജിംഗ് ആപ്പുകൾക്ക് കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്ര ടെലികോം മന്ത്രാലയം. ടെലികോം വകുപ്പ് (DoT) ഇതിനായുള്ള പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഇനി മുതൽ വാട്സ്ആപ്പ്, ടെലഗ്രാം, സിഗ്നൽ തുടങ്ങിയ ഇൻസ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കണമെങ്കിൽ ഫോണിൽ ആക്ടീവ് ആയ സിം കാർഡ് നിർബന്ധമാണ്.
‘സിം ബൈൻഡിംഗ്’ (SIM binding) സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്. നിലവിൽ ഒരു തവണ ഒ.ടി.പി (OTP) വഴി അക്കൗണ്ട് വേരിഫൈ ചെയ്താൽ, പിന്നീട് ഫോണിൽ നിന്ന് സിം കാർഡ് മാറ്റിയാലും അല്ലെങ്കിൽ ആ സിം പ്രവർത്തനരഹിതമായാലും വൈഫൈ ഉപയോഗിച്ച് വാട്സ്ആപ്പും ടെലഗ്രാമും തടസ്സമില്ലാതെ പ്രവർത്തിപ്പിക്കാൻ സാധിക്കുമായിരുന്നു. ഈ സാങ്കേതിക വിടവ് മുതലെടുത്താണ് വിദേശത്തുനിന്നും മറ്റു സ്ഥലങ്ങളിൽനിന്നും തട്ടിപ്പുകാർ ഇന്ത്യൻ നമ്പറുകൾ ഉപയോഗിച്ച് വലിയ തോതിലുള്ള സാമ്പത്തിക സൈബർ കുറ്റകൃത്യങ്ങൾ നടത്തിയിരുന്നത്.
പുതിയ ടെലികോം സൈബർ സെക്യൂരിറ്റി ചട്ടങ്ങൾ അനുസരിച്ച്, നിർദ്ദിഷ്ട അക്കൗണ്ട് ലോഗിൻ ചെയ്തിരിക്കുന്ന സിം കാർഡ് ഫോണിൽ ആക്ടീവ് ആയി തുടരുന്നുണ്ടോ എന്ന് ആപ്പുകൾ നിരന്തരം ഉറപ്പുവരുത്തണം. സിം ഫോണിൽ ഇല്ലെങ്കിലോ അക്കൗണ്ടുള്ള നമ്പർ ഡിആക്റ്റീവ് ആയാലോ മെസേജിംഗ് സേവനങ്ങളുടെ പ്രവർത്തനം സ്വയം നിലയ്ക്കും. കൂടാതെ, കമ്പ്യൂട്ടറുകളിലും ലാപ്ടോപ്പുകളിലും ഉപയോഗിക്കുന്ന വെബ് വേർഷനുകൾ (WhatsApp Web) കുറഞ്ഞത് ആറ് മണിക്കൂറിലൊരിക്കൽ തനിയെ ലോഗ് ഔട്ട് ആകുമെന്നും, ക്യു.ആർ കോഡ് വഴി വീണ്ടും സിങ്ക് ചെയ്യേണ്ടി വരുമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.
സൈബർ തട്ടിപ്പുകളിലൂടെ കോടിക്കണക്കിന് രൂപ സാധാരണക്കാർക്ക് നഷ്ടപ്പെടുന്നത് തടയുകയാണ് ഈ തീരുമാനത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ടെക് കമ്പനികൾക്ക് ആവശ്യമായ സാങ്കേതിക മാറ്റങ്ങൾ വരുത്താൻ സാവകാശം നൽകിയിട്ടുണ്ട്. 2027 ജനുവരി 1 മുതൽ ഈ പുതിയ ചട്ടം കർശനമായി പ്രാബല്യത്തിൽ വരുമെന്ന് ടെലികോം വകുപ്പ് അറിയിച്ചു.